News Kerala

നവകേരള യാത്ര മര്‍ദ്ദനക്കേസ്: റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദമെന്ന് എസ്ഐമാരുടെ മൊഴി; എഡിജിപി അജിത് കുമാറിന് തിരിച്ചടി

Axenews | നവകേരള യാത്ര മര്‍ദ്ദനക്കേസ്: റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദമെന്ന് എസ്ഐമാരുടെ മൊഴി; എഡിജിപി അജിത് കുമാറിന് തിരിച്ചടി

by webdesk3 on | 05-06-2026 01:26:16

Share: Share on WhatsApp Visits: 14


 നവകേരള യാത്ര മര്‍ദ്ദനക്കേസ്: റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദമെന്ന് എസ്ഐമാരുടെ മൊഴി; എഡിജിപി അജിത് കുമാറിന് തിരിച്ചടി


ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയെന്നാരോപിക്കപ്പെടുന്ന മര്‍ദ്ദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി അന്വേഷണ സംഘത്തിന് മുന്നിലെ എസ്ഐമാരുടെ മൊഴി. കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ അജിത് കുമാര്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് അദ്ദേഹത്തിന്റെ മുന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരിക്കുന്നത്.

മേലുദ്യോഗസ്ഥന്റെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും കേസുമായി നേരിട്ട് ബന്ധമില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) വ്യക്തമാക്കി. കേസ് ഡയറി പെന്‍ഡ്രൈവില്‍ എത്തിച്ച ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ തിരുത്തലുകള്‍ നടത്തിയതായും, റഫര്‍ റിപ്പോര്‍ട്ടില്‍ തെളിവില്ലെന്ന പരാമര്‍ശം ചേര്‍ത്തതായും മൊഴിയില്‍ പറയുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് ഫോട്ടോഗ്രാഫര്‍ക്ക് ലഭിച്ചിരുന്നില്ലെന്നും, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഏറ്റവും പിന്നിലായിരുന്നതിനാല്‍ ആവശ്യമായ ദൃശ്യങ്ങള്‍ പകര്‍ത്താനായില്ലെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയത്. ഈ മൊഴികള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഉദ്യോഗസ്ഥരെ സാക്ഷികളാക്കാനാകുമോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിച്ചുവരികയാണ്. ആവശ്യമെങ്കില്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

അതേസമയം, പൊലീസ് റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരും ഉന്നയിച്ചിരുന്നു. അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാര്‍ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടും തിരുത്തിയെന്നാണ് അവരുടെ മൊഴി.

എന്നാല്‍ ആരോപണങ്ങള്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍ നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ താന്‍ തിരുത്തിയിട്ടില്ലെന്നും ഓഫീസ് ജീവനക്കാര്‍ നടത്തിയ ഇടപെടലുകള്‍ തന്റെ നിര്‍ദേശപ്രകാരമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment