News Kerala

കാട്ടാന ആക്രമണം; മോഹനന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും: വനംമന്ത്രി

Axenews | കാട്ടാന ആക്രമണം; മോഹനന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും: വനംമന്ത്രി

by webdesk2 on | 30-05-2026 10:03:02 Last Updated by webdesk2

Share: Share on WhatsApp Visits: 5


കാട്ടാന ആക്രമണം; മോഹനന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും: വനംമന്ത്രി

തൃശൂര്‍: അതിരപ്പിള്ളി വൈശേരിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്ലേര്‍കാട്ട് മോഹനന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനംവന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. ഇതിന്റെ ആദ്യ ഗഡു അടിയന്തരമായി കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വന്യമൃഗ ആക്രമണങ്ങളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണ്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ കൂട്ടായ ഉത്തരവാദിത്തത്തോടെ നേരിടണമെന്നും ഇനി പരീക്ഷണങ്ങള്‍ക്കായി സമയം കളയാനില്ലെന്നും മന്ത്രി വ്യക്തമാക്കി.

സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന സോളാര്‍ വൈദ്യുതി വേലി മറികടന്നെത്തിയ കാട്ടാനയാണ് മോഹനനെ ആക്രമിച്ചതെന്ന് വനം മന്ത്രി സ്ഥിരീകരിച്ചു. അതിരപ്പിള്ളി മേഖലയിലെ വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ചാലക്കുടിയില്‍ അടിയന്തര യോഗം ചേരും. വിഷയത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അതിരപ്പിള്ളി വൈശേരിയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വീട്ടുപറമ്പിലിറങ്ങി കൃഷി നശിപ്പിക്കുകയായിരുന്ന കാട്ടാനയെ തുരത്തുന്നതിനിടയിലാണ് മോഹനന്‍ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് അടക്കമുള്ള തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.

അതേസമയം, മേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളി പഞ്ചായത്തില്‍ ഇന്ന് നാട്ടുകാര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. വെറ്റിലപ്പാറയില്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ച് നാട്ടുകാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വന്യജീവി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം.




Share:

Search

Recent News
Popular News
Top Trending


Leave a Comment