News India

വനിതാ സംവരണമല്ല, പ്രശ്‌നം മണ്ഡല പുനർനിർണയം; കേന്ദ്രത്തിനെതിരേ സോണിയ ഗാന്ധി

Axenews | വനിതാ സംവരണമല്ല, പ്രശ്‌നം മണ്ഡല പുനർനിർണയം; കേന്ദ്രത്തിനെതിരേ സോണിയ ഗാന്ധി

by webdesk2 on | 13-04-2026 12:13:56 Last Updated by webdesk2

Share: Share on WhatsApp Visits: 18


വനിതാ സംവരണമല്ല, പ്രശ്‌നം മണ്ഡല പുനർനിർണയം; കേന്ദ്രത്തിനെതിരേ സോണിയ ഗാന്ധി

ന്യൂഡൽഹി: കേന്ദ്രസർക്കാർ ഈ ആഴ്ച വിളിച്ചുചേർത്തിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ യഥാർത്ഥ ലക്ഷ്യം വനിതാ സംവരണമല്ലെന്നും മണ്ഡലപുനർനിർണ്ണയമാണെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഹിന്ദു പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ അവർ കടുത്ത വിമർശനം ഉന്നയിച്ചത്. നിലവിൽ പുറത്തുവരുന്ന അനൗദ്യോഗിക വിവരങ്ങൾ പ്രകാരം സർക്കാരിന്റെ മണ്ഡലപുനർനിർണയ പദ്ധതി അതീവ അപകടകരമാണെന്നും ഇത് ഭരണഘടനയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണെന്നും സോണിയ ഗാന്ധി ആരോപിച്ചു. 

തമിഴ്നാട്, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് ഇത്തരമൊരു സമ്മേളനം വിളിച്ചുചേർക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണെന്ന് അവർ വിമർശിച്ചു. പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് സർക്കാരിന്റെ നീക്കമെന്നും അവർ പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിലും കുടുംബക്ഷേമ പദ്ധതികളിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളെയും ചെറിയ സംസ്ഥാനങ്ങളെയും ദോഷകരമായി ബാധിക്കുന്ന രീതിയിലാകരുത് മണ്ഡലപുനർനിർണ്ണയം എന്ന് അവർ മുന്നറിയിപ്പ് നൽകി. അംഗബലം വർദ്ധിപ്പിക്കുന്നത് രാഷ്ട്രീയ നീതി ഉറപ്പാക്കിക്കൊണ്ടായിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വനിതാ സംവരണം ഇതിനകം തന്നെ അംഗീകരിക്കപ്പെട്ട കാര്യമാണെന്നും അതിൽ പുതിയതായി ഒന്നുമില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. എന്നാൽ, വനിതാ സംവരണം നടപ്പിലാക്കുന്നത് സെൻസസുമായി ബന്ധിപ്പിച്ചത് സർക്കാരാണെന്ന് അവർ ചൂണ്ടിക്കാട്ടി. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് അഞ്ചു വർഷമായി വൈകിപ്പിക്കുന്നത് വഴി പത്ത് കോടിയോളം ആളുകൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നഷ്ടമായെന്നും അവർ കുറ്റപ്പെടുത്തി.

ഏപ്രിൽ 29-ന് പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം സർവകക്ഷി യോഗം വിളിച്ച് പുതിയ നിർദ്ദേശങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം മൂന്ന് തവണ ആവശ്യപ്പെട്ടെങ്കിലും സർക്കാർ അത് നിരസിക്കുകയായിരുന്നു. ഏപ്രിൽ 16-ന് ആരംഭിക്കുന്ന പ്രത്യേക സമ്മേളനത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളെക്കുറിച്ച് എംപിമാർക്ക് ഇതുവരെ ഔദ്യോഗിക വിവരങ്ങൾ ഒന്നും നൽകിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഏപ്രിലിലെ തിരക്കിട്ട നീക്കങ്ങൾക്ക് പകരം ജൂലൈയിലെ വർഷകാല സമ്മേളനത്തിൽ ഇത്തരം പ്രധാനപ്പെട്ട ഭരണഘടനാ ഭേദഗതികൾ ചർച്ച ചെയ്യാമായിരുന്നിട്ടും സർക്കാർ കാണിക്കുന്ന ഈ തിടുക്കം ജനാധിപത്യവിരുദ്ധമാണെന്ന് സോണിയ ഗാന്ധി ലേഖനത്തിൽ വ്യക്തമാക്കി.

Share:

Search

Recent News
Popular News
Top Trending


Leave a Comment