News Kerala

യു.കെ. സലിം വധക്കേസ്: ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെയും കോടതി വെറുതെ വിട്ടു

Axenews | യു.കെ. സലിം വധക്കേസ്: ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെയും കോടതി വെറുതെ വിട്ടു

by webdesk2 on | 06-04-2026 02:37:28

Share: Share on WhatsApp Visits: 19


യു.കെ. സലിം വധക്കേസ്: ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെയും കോടതി വെറുതെ വിട്ടു

കണ്ണൂര്‍: തലശ്ശേരി പുന്നോല്‍ ഉസ്സന്‍മെട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ആറ് എസ്ഡിപിഐ (മുന്‍ എന്‍ഡിഎഫ്) പ്രവര്‍ത്തകരെയും കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് 18 വര്‍ഷത്തിന് ശേഷം കേസില്‍ വിധി പുറപ്പെടുവിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.

2008 ജൂലൈ 23-നാണ് പുന്നോല്‍ സ്വദേശിയായ സലിം കൊല്ലപ്പെട്ടത്. ഡിവൈഎഫ്‌ഐയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ഒരു സംഘം സലിമിനെ ആക്രമിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. രാഷ്ട്രീയ കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും, കേസിലെ ദുരൂഹതകളെക്കുറിച്ച് തുടക്കം മുതല്‍ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് സലിമിന്റെ പിതാവ് യൂസഫ് പരസ്യമായി ആരോപിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വിവാദമായ ഫസല്‍ വധക്കേസിലെ ചില നിര്‍ണായക വിവരങ്ങള്‍ സലിമിന് അറിയാമായിരുന്നുവെന്നും, അത് പുറത്തുപറയുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. സലിമിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നും പിതാവ് അന്ന് ആരോപിച്ചിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കോടതി വിധി വന്നിരിക്കുമ്പോള്‍, കേസില്‍ തുടരന്വേഷണം വേണമെന്ന നിലപാടിലാണ് സലിമിന്റെ കുടുംബം.




Share:

Search

Recent News
Popular News
Top Trending


Leave a Comment