News Kerala

വലിയങ്ങാടി അപകടത്തിന് കാരണം കോര്‍പറേഷന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ

Axenews | വലിയങ്ങാടി അപകടത്തിന് കാരണം കോര്‍പറേഷന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ

by webdesk2 on | 24-02-2026 07:34:06 Last Updated by webdesk2

Share: Share on WhatsApp Visits: 8


 വലിയങ്ങാടി അപകടത്തിന് കാരണം കോര്‍പറേഷന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ

കോഴിക്കോട്:  വലിയങ്ങാടിയില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ കെട്ടിടം അപകടാവസ്ഥയിലാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 60 വര്‍ഷത്തോളം പഴക്കമുള്ള ഈ കെട്ടിടം പൊളിച്ചുനീക്കാന്‍ 2022-ല്‍ തന്നെ കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. പഴയ പാസ്പോര്‍ട്ട് ഓഫീസ് ഉള്‍പ്പെടെ 16 കെട്ടിടങ്ങള്‍ നീക്കം ചെയ്യാനായിരുന്നു അന്നത്തെ തീരുമാനം. തുടര്‍ന്ന് 2024-ല്‍ വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചതെന്നാണ് പുറത്തുവരുന്ന രേഖകള്‍ സൂചിപ്പിക്കുന്നത്.

കെട്ടിടം അപകടാവസ്ഥയിലാണെന്നും അവിടെ സ്ഥാപനങ്ങള്‍ തുടരുന്നത് പൊതുജനങ്ങളുടെ ജീവന് ഭീഷണി ആണെന്നും നഗരസഭയുടെ സാങ്കേതിക വിഭാഗം നടത്തിയ പരിശോധനയില്‍ നേരത്തെ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. കോര്‍പറേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തിന്റെ പരിശോധനാ വിവരങ്ങളും കൗണ്‍സിലില്‍ വെച്ച നിര്‍ണ്ണായക രേഖകളും ഈ വീഴ്ചയെ ശരിവെക്കുന്നതാണ്. സംഭവത്തില്‍ കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം ഇന്ന് ആഭ്യന്തര അന്വേഷണം ആരംഭിക്കും.

അതേസമയം, സംഭവത്തില്‍ ഭരണപക്ഷത്തിനെതിരെ ശക്തമായ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും വ്യാപാരികളില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ഫാത്തിമ തഹ്ലിയ ആരോപിച്ചു. ദുരന്തത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഇരകളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൗണ്‍സിലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കോഴിക്കോട് ടൗണ്‍ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അപകടത്തില്‍ മരിച്ച അത്തോളി സ്വദേശികളായ ബഷീറിന്റെയും അഷ്‌റഫിന്റെയും ഖബറടക്കം ഇന്ന് നടക്കും. ഇവരോടുള്ള ആദരസൂചകമായി അത്തോളിയില്‍ ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷയത്തില്‍ കോര്‍പറേഷന്റെ വിശദീകരണം നല്‍കാനായി മേയര്‍ ഒ. സദാശിവം ഇന്ന് മാധ്യമങ്ങളെ കാണും.





Share:

Search

Recent News
Popular News
Top Trending


Leave a Comment