News India

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയം: ദേശീയ പണിമുടക്ക് ആരംഭിച്ചു

Axenews | കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയം: ദേശീയ പണിമുടക്ക് ആരംഭിച്ചു

by webdesk2 on | 12-02-2026 06:28:45 Last Updated by webdesk2

Share: Share on WhatsApp Visits: 7


 കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയം:  ദേശീയ പണിമുടക്ക് ആരംഭിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബി.എം.എസ് ഒഴികെയുള്ള പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. വിവാദമായ തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കുക, വൈദ്യുതി ഭേദഗതി നിയമം ഒഴിവാക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, വ്യവസായ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുന്നതോടെ രാജ്യത്തെ ഉല്‍പ്പാദന-സേവന മേഖലകള്‍ സ്തംഭിച്ചേക്കും. 

കര്‍ഷക-കര്‍ഷക തൊഴിലാളി സംഘടനകളും ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും പണിമുടക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ആയിരത്തോളം കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും, ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യ മണിക്കൂറുകളില്‍ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടില്ല.

കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലിന് സമാനമായ പ്രതിഫലനമാണ് ഉണ്ടാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കടകമ്പോളങ്ങള്‍ എന്നിവ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകള്‍, കെ.എസ്.ആര്‍.ടി.സി, ഓട്ടോ-ടാക്‌സി എന്നിവ സര്‍വീസ് നടത്താത്തത് ഗതാഗതത്തെ പൂര്‍ണ്ണമായും ബാധിച്ചു. ശബരിമല തീര്‍ത്ഥാടകര്‍, മാരാമണ്‍ കണ്‍വെന്‍ഷന്‍ എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

കൂടാതെ ആശുപത്രി, പാല്‍, പത്രം, മരുന്നുകടകള്‍, അഗ്‌നിരക്ഷാസേന തുടങ്ങിയ അവശ്യ സര്‍വീസുകളും തടസ്സമില്ലാതെ തുടരുന്നു. അക്രമരഹിതമായി പണിമുടക്ക് നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ടെങ്കിലും, പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ശമ്പളം ലഭിക്കില്ലെന്നും അന്ന് അവധി അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഐ.എന്‍.ടി.യു.സി പ്രത്യേകമായാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment