News India

ഇന്ത്യ- യുഎസ് വ്യാപാര കരാര്‍; സ്ഥിരീകരിച്ച് പിയൂഷ് ഗോയല്‍

Axenews | ഇന്ത്യ- യുഎസ് വ്യാപാര കരാര്‍; സ്ഥിരീകരിച്ച് പിയൂഷ് ഗോയല്‍

by webdesk2 on | 03-02-2026 07:16:38

Share: Share on WhatsApp Visits: 7


ഇന്ത്യ- യുഎസ് വ്യാപാര കരാര്‍; സ്ഥിരീകരിച്ച് പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി:  ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ പ്രധാനമന്ത്രി സമ്മതിച്ചതായും, പകരം അമേരിക്കയില്‍ നിന്നും വെനസ്വേലയില്‍ നിന്നും കൂടുതല്‍ ഇന്ധനം വാങ്ങുമെന്നും ട്രംപ് അവകാശപ്പെട്ടു.

കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ ഈ കരാറിനെ ചരിത്രപ്രധാനമെന്നാണ് വിശേഷിപ്പിച്ചത്. ഇത് വെറുമൊരു വ്യാപാര കരാറല്ലെന്നും മറിച്ച് ഇന്ത്യ-യുഎസ് ബന്ധത്തിന് പുതിയൊരു ഭാവം നല്‍കുന്ന നീക്കമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 2047-ഓടെയുള്ള വിക്ഷിത് ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയെ ഈ കരാര്‍ വേഗത്തിലാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡന്റ് ട്രംപിന്റെയും ദീര്‍ഘവീക്ഷണമാണ് ഇതിന് പിന്നിലെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ ഈ കരാര്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രസിഡന്റ് ട്രംപുമായി സംസാരിച്ച കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചിട്ടുണ്ട്. തീരുവ 18 ശതമാനത്തിലേക്ക് കുറച്ച നടപടിക്ക് അദ്ദേഹം ട്രംപിന് നന്ദി പറഞ്ഞു. എന്നാല്‍, ട്രംപ് അവകാശപ്പെട്ടതുപോലെ ഒരു സമ്പൂര്‍ണ്ണ വ്യാപാര കരാര്‍ ഒപ്പിട്ടതായി പ്രധാനമന്ത്രി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ല. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിച്ച ഇളവിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, അമേരിക്കയുമായുള്ള സൗഹൃദം ശക്തമായി തുടരുമെന്നും വ്യക്തമാക്കി.

അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായെന്ന് യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് തന്റെ യഥാര്‍ത്ഥ സുഹൃത്ത് ആയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ എത്തുമ്പോള്‍ നിലവിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കുമെന്നും തീരുവകള്‍ പൂജ്യം ശതമാനത്തിലേക്ക് എത്തിക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment