News Kerala

ലീഗിനെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കും; മൂന്നു ടേം കുരുക്കില്‍ എട്ട് എംഎല്‍എമാര്‍

Axenews | ലീഗിനെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കും; മൂന്നു ടേം കുരുക്കില്‍ എട്ട് എംഎല്‍എമാര്‍

by webdesk2 on | 10-01-2026 06:56:27 Last Updated by webdesk2

Share: Share on WhatsApp Visits: 7


ലീഗിനെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കും; മൂന്നു ടേം കുരുക്കില്‍ എട്ട് എംഎല്‍എമാര്‍

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം ലീഗില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാകുന്നു. കഴിഞ്ഞ തവണ പാര്‍ട്ടി നടപ്പിലാക്കിയ മൂന്ന് ടേം നിബന്ധന ഇക്കുറി കര്‍ശനമാക്കിയാല്‍ നിലവിലെ എട്ട് പ്രമുഖ എംഎല്‍എമാര്‍ക്ക് അത് തിരിച്ചടിയായേക്കും. 15 വര്‍ഷം നിയമസഭയില്‍ പൂര്‍ത്തിയാക്കിയ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീര്‍, മഞ്ഞളാംകുഴി അലി എന്നിവരടക്കമുള്ള എട്ടുപേരുടെ കാര്യത്തിലാണ് ഇപ്പോള്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്.

കഴിഞ്ഞ തവണ തന്നെ ഇളവ് നല്‍കി മത്സരിപ്പിച്ച പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, എം.കെ. മുനീര്‍ എന്നിവര്‍ക്ക് ഇക്കുറിയും ഇളവ് ലഭിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. വേങ്ങരയില്‍ നിന്നുള്ള എംഎല്‍എയായ കുഞ്ഞാലിക്കുട്ടി ഇതുവരെ എട്ട് തവണ നിയമസഭയിലും രണ്ട് തവണ ലോക്സഭയിലുമെത്തിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുക എന്നത് ലീഗിന് പ്രായോഗികമല്ലാത്തതിനാല്‍, അദ്ദേഹം ഇക്കുറിയും പാര്‍ട്ടിയെ നയിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ചുതവണ എംഎല്‍എയായ ഡോ. എം.കെ. മുനീറിന്റെ കാര്യത്തിലും ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്. നിലവില്‍ കൊടുവള്ളിയില്‍ നിന്നുള്ള പ്രതിനിധിയായ മുനീര്‍ ഇക്കുറി കോഴിക്കോട് സൗത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്നും സൂചനകളുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്പര്യം കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അതേസമയം, കഴിഞ്ഞ തവണ തിരൂരങ്ങാടിയില്‍ നിന്ന് വിജയിച്ച കെ.പി.എ. മജീദ് പുതുതലമുറയ്ക്കായി വഴിമാറിക്കൊടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ലീഗ് പാളയത്തില്‍ നിന്നുള്ള വിവരം.

തുടര്‍ച്ചയായി ഒരേ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന പി. ഉബൈദുള്ള (മലപ്പുറം), പി.കെ. ബഷീര്‍ (ഏറനാട്), എന്‍. ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്), എന്‍.എ. നെല്ലിക്കുന്ന് (കാസര്‍കോട്) എന്നിവര്‍ക്കും മൂന്ന് ടേം നിബന്ധന വലിയ വെല്ലുവിളിയാണ്. ഇടതുസ്വതന്ത്രനായി രണ്ടുതവണയും ലീഗിലെത്തിയ ശേഷം മൂന്നുതവണയും നിയമസഭാംഗമായ മഞ്ഞളാംകുഴി അലിയുടെ കാര്യത്തിലും പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. അനുഭവസമ്പന്നരെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തില്ലെന്നും രണ്ടോ മൂന്നോ പേര്‍ക്ക് ഇളവ് നല്‍കിയേക്കുമെന്നുമാണ് സാദിഖലി തങ്ങള്‍ നല്‍കുന്ന സൂചന.

പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിക്കൊണ്ട് തന്നെ പരിചയസമ്പന്നരായ നേതാക്കളെ കൂടെനിര്‍ത്താനാണ് ലീഗ് ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളില്‍ പാണക്കാട് നടക്കുന്ന ഉന്നതതല യോഗങ്ങളില്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണയായേക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment