News Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

Axenews | ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

by webdesk2 on | 05-01-2026 06:40:21 Last Updated by webdesk2

Share: Share on WhatsApp Visits: 11


 ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം  നടത്തുന്ന നീക്കങ്ങളില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. അന്വേഷണം ഊര്‍ജിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ എസ്ഐടിക്ക് കോടതി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായും കേരളത്തിന് പുറത്തും തെളിവെടുപ്പ് നടത്തിയതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എസ്ഐടി വിപുലീകരിക്കാന്‍ എഡിജിപി എച്ച്. വെങ്കിടേഷിന് കോടതി അധികാരം നല്‍കി. പുതിയ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുമ്പോള്‍ ആ വിവരം കോടതിയെ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. ഭയരഹിതമായും പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെയും അന്വേഷണം തുടരാന്‍ ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ മാധ്യമങ്ങള്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന എസ്ഐടിയുടെ പരാതിയില്‍ കോടതി ആശങ്ക രേഖപ്പെടുത്തി. കേവലം സങ്കല്‍പ്പങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ വേട്ടയാടുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുമെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. നിഴല്‍ യുദ്ധം വേണ്ട: ഗൗരവകരമായ ഈ അന്വേഷണം മാധ്യമ വിചാരണയുടെ നിഴലിലല്ല നടക്കേണ്ടതെന്ന് കോടതി കര്‍ശനമായി പറഞ്ഞു.

കേസില്‍ നിര്‍ണ്ണായകമാകുക വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ നടത്തുന്ന പരിശോധനാ ഫലമായിരിക്കും. ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ മാറ്റി സ്ഥാപിക്കപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് വിഎസ്എസ്സിയുടെ സഹായം തേടിയിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന ആരംഭിച്ചു കഴിഞ്ഞു.

മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതിലെ വിവരങ്ങളും, എന്‍. വിജയകുമാറിന്റെ അറസ്റ്റിന് ശേഷമുള്ള കണ്ടെത്തലുകളും അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് എസ്ഐടി ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.



Share:

Search

Recent News
Popular News
Top Trending


Leave a Comment