News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിനെ എസ്‌ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Axenews | ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിനെ എസ്‌ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

by webdesk2 on | 26-11-2025 06:23:00 Last Updated by webdesk3

Share: Share on WhatsApp Visits: 30


ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിനെ എസ്‌ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ മുഖ്യസൂത്രധാരന്‍ പത്മകുമാറാണെന്നും, വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ ലഭിക്കേണ്ടത് അനിവാര്യമാണെന്നുമാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്.

ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരാക്കുന്ന പത്മകുമാറിന്റെ കസ്റ്റഡി അപേക്ഷ സംബന്ധിച്ച വിധി കേസിന്റെ തുടര്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും. അതേസമയം, ഹൈക്കോടതിയില്‍ കേസില്‍ നാലാം പ്രതിയായ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് പരിഗണനയ്ക്ക് വരുന്നുണ്ട്.

സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് എ. പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ ഉന്നത തലങ്ങളിലേക്കുള്ള അന്വേഷണത്തിന് വഴിയൊരുക്കും എന്നും അന്വേഷണ സംഘം കരുതുന്നു.

എന്നാല്‍, ചോദ്യം ചെയ്യലുമായി പൂര്‍ണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് പത്മകുമാറിന്റെ അഭിഭാഷകന്റെ വാദം. കോടതിയില്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കനത്ത പോലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ശബരിമല ശ്രീകോവില്‍ കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ഇത് കേസില്‍ ഉള്‍പ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ണ്ണായകമാകും.

നാലാം പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ വിജിലന്‍സ് കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചാണ് ഇന്ന് പരിഗണിക്കുക. ജസ്റ്റിസ് എ. ബദ്ധറുദ്ദീന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയതിനാലാണ് ബെഞ്ച് മാറ്റിയത്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ജയശ്രീയുടെ അറസ്റ്റ് കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment