News Kerala

നെയ്യാറ്റിന്‍കരയില്‍ മത്സ്യം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; കുട്ടികളടക്കം ആശുപത്രിയില്‍

Axenews | നെയ്യാറ്റിന്‍കരയില്‍ മത്സ്യം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; കുട്ടികളടക്കം ആശുപത്രിയില്‍

by webdesk2 on | 29-10-2025 10:12:52 Last Updated by webdesk3

Share: Share on WhatsApp Visits: 9


നെയ്യാറ്റിന്‍കരയില്‍ മത്സ്യം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ;   കുട്ടികളടക്കം ആശുപത്രിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര തീരദേശ മേഖലയില്‍ മത്സ്യം കഴിച്ചതിനെ തുടര്‍ന്ന് കുട്ടികളടക്കം ഏകദേശം 35 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കാരക്കോണം മെഡിക്കല്‍ കോളജ്, നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയോടുകൂടിയാണ് കുട്ടികളുള്‍പ്പടെയുള്ളവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങിയത്. ഛര്‍ദ്ദി, വയറുവേദന ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയവരില്‍ കുറച്ചുപേരെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

പ്രാദേശിക ചന്തകളില്‍ നിന്ന് വാങ്ങിയ ചെമ്പല്ലി ഇനത്തില്‍പ്പെട്ട മീന്‍ കഴിച്ചവര്‍ക്കാണ് പ്രധാനമായും ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതേ തുടര്‍ന്ന്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി മേഖലയില്‍ നിന്ന് മീനിന്റെ സാമ്പിളുകള്‍ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവില്‍ ചികിത്സയിലുള്ള 35 പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഭക്ഷ്യവിഷബാധയുടെ കൃത്യമായ ഉറവിടം, മീനിന്റെ പഴക്കം അല്ലെങ്കില്‍ മറ്റേതെങ്കിലും വിഷാംശത്തിന്റെ സാന്നിധ്യം എന്നിവ സംബന്ധിച്ച് പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ സ്ഥിരീകരണം നല്‍കാന്‍ സാധിക്കുകയുള്ളൂവെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി. പ്രദേശത്തെ മറ്റ് ആളുകള്‍ക്ക് അസുഖം വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment