by webdesk2 on | 18-02-2025 07:15:17
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം ഒന്‍പതാം ദിവസത്തിലേക്ക്. ഇന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് സമരം ഉദ്ഘാടനം ചെയ്യും. അതേസമയം, നിയമവിരുദ്ധമായ സമരം ഉടന്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് ഇന്നലെ നല്‍കിയ നോട്ടീസ് സമരക്കാര്‍ തള്ളി.
ആവശ്യങ്ങള്‍ നേടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവര്‍ക്കര്‍മാര്‍. സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ക്കാണ് ഏറ്റവും കൂടുതല്‍ വേതനമെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. എന്നാല്‍ ഈ വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. വ്യാഴാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാ സംഗമം സംഘടിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. സംസ്ഥാനത്തെ മുഴുവന്‍ ആശാപ്രവര്‍ത്തകരോടും എത്താനാണ് നിര്‍ദേശം.
ആരോ സമരക്കാരെ ഇളക്കിവിട്ടെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി ആക്ഷേപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്നവരാണ് കേരളത്തിലെ ആശാവര്‍ക്കര്‍മാരെന്നായിരുന്നു മന്ത്രി വീണ ജോര്‍ജിന്റെ വാദം. വീണ ജോര്‍ജ് പറഞ്ഞ 13200 രൂപ പ്രതിമാസ വേതനം ഒരിക്കല്‍പ്പോലും കിട്ടിയിട്ടില്ലെന്നാണ് സമരക്കാരുടെ വിശദീകരണം.