by webdesk2 on | 18-02-2025 06:14:52 Last Updated by webdesk3
കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആനന്ദ കുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ ദേശിയ എന്‍ജിയോ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് പാതി വില തട്ടിപ്പ് നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്നാണ് ആനന്ദകുമാറിന്റെ വാദം. ഇത് തള്ളി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകന്‍ ആനന്ദ കുമാര്‍ ആണെന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും. എന്‍ജിയോ കോണ്‍ഫെഡറേഷനില്‍ നിന്ന് ആനന്ദകുമാര്‍ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും. തിരുവനന്തപുരം അഡീഷ്ണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ആനന്ദ് കുമാര്‍, അനന്തു കൃഷ്ണന്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ആനന്ദ കുമാറാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പകുതി വിലക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും വാങ്ങാന്‍ ആളുകള്‍ കൂട്ടമായി എത്തിയത് അവസരമായി കണ്ട്, കഴിഞ്ഞ ഫെബ്രുവരിയില്‍ ആനന്ദ കുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍.