by webdesk3 on | 17-02-2025 02:38:48 Last Updated by webdesk3
പാതിവില തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ അനന്തു കൃഷ്ണന്റെ സോഷ്യല്‍ ബീ വെന്‍ചേഴ്‌സ് എന്ന അക്കൗണ്ടിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈംബ്രാഞ്ച്. നിലവില്‍ അനന്തു കൃഷ്ണന്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണുള്ളത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ് അനന്തുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. രണ്ട് ദിവസത്തേക്കാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. മുവാറ്റുപുഴ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണ സംഘം പ്രതിയെ കൊച്ചിയിലെ ഓഫീസിലടക്കം കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും.
അനന്തു കൃഷ്ണന്‍ കോടികള്‍ തട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. 20163 പേരില്‍ നിന്ന് 60000 രൂപ വീതവും, 4035 പേരില്‍ നിന്ന് 56000 രൂപ വീതവും കൈപറ്റി എന്നാണ് ഇതുവരെ ഉള്ള കണക്കുകള്‍. അനന്തുവിന്റെ പേരിലുള്ള 21 ബാങ്ക് അക്കൗണ്ടുകളിലേക്ക് 143. 5 കോടി രൂപ വന്നു. അനന്തുവിന്റെ സോഷ്യല്‍ ബീ വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന്റെ 11 അക്കൗണ്ടുകളിലേക്ക് 2024 ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെ 548 കോടി രൂപ എത്തി.
ഇതുവരെ നാലേകാല്‍ കോടി രൂപ മാത്രമാണ് അനന്തു കൃഷ്ണന്റെ അക്കൗണ്ടില്‍ നിന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചത്. ഇരുചക്രവാഹനങ്ങളും ലാപ്‌ടോപ്പുകളും വിതരണം ചെയ്തിരുന്നു. കൂടാതെ കുറച്ചു ഭൂമിയും വാങ്ങിയിട്ടുണ്ട്. ബാക്കി തുക എങ്ങനെ വിനിയോഗിച്ചു എന്നതില്‍ കൃത്യമായ വിവരം ലഭിക്കണമെങ്കില്‍ വിശദമായ തെളിവെടുപ്പ് ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് വാദം.