by webdesk3 on | 17-02-2025 11:35:45 Last Updated by webdesk3
അനധികൃതമായി കുടിയേറി പാര്‍ത്ത 112 പേരെ അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു. യുഎസ് സൈനിക വിമാനത്തില്‍ അമൃത്സര്‍ വിമാനത്താവളത്തിലാണ് ഇവരെ എത്തിച്ചത്. ഇതില്‍ 44 പേര്‍ ഹരിയാണ സ്വദേശികളും 33 പേര്‍ ഗുജറാത്ത് സ്വദേശികളും 31 പേര്‍ പഞ്ചാബ് സ്വദേശികളും രണ്ടുപേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളുമാണ്. ഹിമാചല്‍ പ്രദേശില്‍നിന്നും ഉത്തരാഖണ്ഡില്‍നിന്നുമുള്ള ഓരോരുത്തരും തിരിച്ചയക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
അനധികൃത കുടിയേറ്റക്കാരെ യുഎസില്‍നിന്നും നാടുകടത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. ഫെബ്രുവരി അഞ്ചിനാണ് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെയും കൊണ്ടുള്ള ആദ്യ യുഎസ് സൈനിക വിമാനം അമൃത്സറില്‍ എത്തിയത്. ആദ്യ ബാച്ചില്‍ ഇന്ത്യയില്‍ എത്തിയവരില്‍ 33 പേര്‍ വീതം ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരും 30 പേര്‍ പഞ്ചാബില്‍നിന്നുള്ളവരും ആയിരുന്നു. ശനിയാഴ്ച എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 116 പേരും ഉണ്ടായിരുന്നു.
അമേരിക്കയില്‍ പതിനഞ്ച് ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 18000 ഇന്ത്യാക്കാരുണ്ട്. ഇവരുടെ പട്ടിക അമേരിക്ക തയാറാക്കിയിട്ടുണ്ട്. അമേരിക്കയില്‍ ജീവിക്കുന്ന നിരവധി ഇന്ത്യാക്കാരെ ട്രംപിന്റെ നടപടി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.