by webdesk2 on | 17-02-2025 08:20:12 Last Updated by webdesk3
തൃശൂര്‍ ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ നിന്ന് മോഷ്ടിച്ച പണം പ്രതി റിജോ ആന്റണിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. 12 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കത്തിയും ഉപയോഗിച്ച വസ്ത്രവും പോലീസ് കണ്ടെടുത്തു. അതിനിടെ റിജോ ആന്റണി കടം വീട്ടിയ ആള്‍ പൊലീസില്‍ പണം തിരികെ ഏല്‍പ്പിച്ചു.
കിടപ്പുമുറിക്ക് മുകളിലുള്ള ഷെല്‍ഫില്‍ നിന്നാണ് പണം കണ്ടെത്തിയത്. അടുക്കളയില്‍ നിന്നാണ് കത്തി കണ്ടെത്തിയത്. അതേസമയം റിജോ ആന്റണി കടം വീട്ടിയ അന്നനാട് സ്വദേശി 2.9 ലക്ഷം രൂപ തിരികെ പൊലീസിനെ ഏല്‍പ്പിച്ചു. റിജോ അറസ്റ്റിലായത് അറിഞ്ഞ് ഇന്നലെ രാത്രി തന്നെ ഇയാള്‍ ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിയാണ് പണം തിരികെ ഏല്‍പ്പിച്ചത്.
പട്ടാപകല്‍ കത്തിക്കാട്ടി ഫെഡറല്‍ ബാങ്ക് പോട്ട ശാഖയില്‍ നിന്ന് 15 ലക്ഷം കവര്‍ന്ന് മുങ്ങിയ പോട്ട ആശാരിപ്പാറ തെക്കന്‍ വീട്ടില്‍ റിജോ ആന്റണി(51)യെ ഇന്നലെ രാത്രി വീടുവളഞ്ഞ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പണം മോഷ്ടിച്ച അതേ ബാങ്കില്‍ അക്കൗണ്ടുള്ള പ്രദേശവാസിയാണ് റിജോ ആന്റണി. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. കവര്‍ച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ വെള്ളിയാഴ്ച ഉച്ചഭക്ഷണസമയത്തായിരുന്നു കവര്‍ച്ച നടന്നത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
അതെസമയം പ്രതി റിജോ ആന്റണി ആഢംബര ജീവിതം നയിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. വിദേശത്തുള്ള ഭാര്യ അയച്ച് കൊടുക്കുന്ന പണം ഇയാള്‍ ധൂര്‍ത്തടിച്ച് കളയും. ഏപ്രിലില്‍ ഭാര്യ നാട്ടിലേക്ക് വരുമെന്നറിഞ്ഞതോടെയാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയിലേക്ക് നയിച്ചത് പ്രതിയുടെ ധൂര്‍ത്തെന്നാണ് കുറ്റസമ്മതം. പ്രതി ചിലവാക്കിയ ശേഷമുള്ള പണം കണ്ടെടുക്കേണ്ടതുണ്ട്. അതെസമയം റിജോ ആന്റണിയെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.