by webdesk2 on | 16-02-2025 01:51:01
വാഷിങ്ടണ്‍: ഇന്ത്യയിലെ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനായി നല്‍കിയിരുന്ന ധനസഹായം നിര്‍ത്തലാക്കി അമേരിക്ക. വോട്ടെടുപ്പ് പ്രാത്സാഹിപ്പിക്കുന്നതിന് നടത്തുന്ന ബോധവത്കരണ നടപടികള്‍ക്കായി യുഎസ് നല്‍കി വരുന്ന 21 മില്യണ്‍ ഡോളറിന്റെ ധനസഹായം റദ്ദാക്കുന്നതായി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് (DOGE) പ്രഖ്യാപിച്ചു.
ഇന്ത്യ, ബംഗ്ലദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി യുഎസ് നല്‍കുന്ന രാജ്യാന്തര സഹായത്തില്‍ വ്യാപകമായ വെട്ടിക്കുറയ്ക്കലുകള്‍ നടക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയും. യുഎസ് നികുതിദായകരുടെ പണം വിവിധ ഇനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്. അവയെല്ലാം റദ്ദാക്കുകയാണെന്നാണ് വകുപ്പ് വ്യക്തമാക്കിയത്.
ബംഗ്ലാദേശിന്റെ രാഷ്ട്രീയ മേഖല ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള 29 മില്യണ്‍ ഡോളറിന്റെ പദ്ധതി, മൊസാംബിക്കിനുള്ള 10 മില്യണ്‍ ഡോളറിന്റെ ധനസഹായം, നേപ്പാളിലെ സാമ്പത്തിക ഫെഡറലിസത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമുള്ള 39 മില്യണ്‍ ഡോളറിന്റെ ധനസഹായം എന്നിവയും റദ്ദാക്കി.
കൂടാതെ ലൈബീരിയക്കുള്ള 1.5 മില്യണ്‍ ഡോളര്‍, മാലിയില്‍ സാമൂഹിക ഐക്യം വര്‍ധിപ്പിക്കാനുള്ള 14 മില്യണ്‍ ഡോളര്‍, ദക്ഷിണാഫ്രിക്കക്കുള്ള 2.5 മില്യണ്‍ ഡോളര്‍, ഏഷ്യയിലെ പഠന ഫലങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള 47 മില്യണ്‍ ഡോളര്‍ ധനസഹായം എന്നിവയും ഇലോണ്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടും.