by webdesk2 on | 16-02-2025 11:41:47 Last Updated by webdesk3
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരണപ്പെട്ട സംഭവത്തില്‍ ധനസഹായം പ്രഖ്യാപിച്ച് റെയില്‍വെ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ് റെയില്‍വേയുടെ പ്രഖ്യാപനം. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നിസാര പരുക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും ധനസഹായം കൈമാറുമെന്നും റെയില്‍വേ അറിയിച്ചു.
9 സ്ത്രീകളും അഞ്ച് കുട്ടികളുമടക്കം 18 പേരാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലെ തിരക്കില്‍പ്പെട്ട് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു ദുരന്തം. മഹാകുംഭമേളയ്ക്ക് പോകാനെത്തിയ തീര്‍ത്ഥാടകരാണ് മരിച്ചവരില്‍ അധികവും.
സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മറ്റു കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.