by webdesk2 on | 16-02-2025 07:45:17
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റത്തിന് നാടുകടത്തപ്പെട്ട 119 ഇന്ത്യക്കാരെ വഹിച്ചുക്കൊണ്ടുളള യുഎസ് സൈനിക വിമാനം അമൃത്സറില്‍ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍, കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു എന്നിവര്‍ ഇവരെ സ്വീകരിക്കാന്‍ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ടാം ടേം നടപടികള്‍ക്ക് ശേഷം ഇന്ത്യയിലേക്കുളള രണ്ടാമത്തെ നാടുകടത്തലാണിത്.
പഞ്ചാബില്‍ നിന്നുള്ള 67 പേരാണ് രണ്ടാം സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഹരിയാനയില്‍ നിന്ന് 33 പേരും ഗുജറാത്തില്‍ നിന്ന് 8 പേരുമുണ്ട്. ഉത്തര്‍ പ്രദേശ് (3), രാജസ്ഥാന്‍ (2), മഹാരാഷ്ട്ര (2), ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോ വ്യക്തികള്‍ എന്നിവരാണ് പുതിയ സംഘത്തിലുള്ളത്. മെക്‌സിക്കോ അതിര്‍ത്തിയിലൂടെയും മറ്റു പാതകള്‍ വഴിയും അനധികൃതമായി യുഎസിലേക്ക് കുടിയേറിയവരാണ് ഇവരെന്നും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളില്ലായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ഫെബ്രുവരി അഞ്ചിനാണ് 104 പേരടങ്ങുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ സംഘം നാട്ടിലെത്തുന്നത്. ഈ ആഴ്ച്ച മൂന്നു വിമാനങ്ങള്‍ കുടി എത്തുമെന്നാണ് വിവരം.