by webdesk2 on | 16-02-2025 06:34:30 Last Updated by webdesk3
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അപ്രതീക്ഷിതമായി ഉണ്ടായ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ 18 മരണം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് കാരണം.
നാല് കുട്ടികളുള്‍പ്പെടെ 18 പേരുടെ മരണം നിലവില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പതിനൊന്ന് പേര്‍ സ്ത്രീകളാണ്. പ്ലാറ്റ്ഫോം നമ്പര്‍ 14ല്‍ പ്രയാഗ്രാജ് എക്സ്പ്രസ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. ഇതില്‍ കയറാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് അപകടം ഉണ്ടായത്. സ്വതന്ത്രസേനാനി എക്സ്പ്രസ്, ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ എന്നീ ട്രെയിനുകള്‍ വൈകിയെത്തിയതും സ്റ്റേഷനിലെ തിരക്കിന് കാരണമായി. 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്.
ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, നിതിന്‍ ഗഡ്കരി, അശ്വിനി വൈഷ്ണവ് എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തവിട്ടു. രണ്ട് അംഗ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്.