by webdesk3 on | 15-02-2025 02:32:37 Last Updated by webdesk3
കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിയെ ക്രൂര റാംഗിങ്ങിന് ഇരയാക്കിയ അഞ്ച് പ്രതികള്‍ക്കും നഴ്‌സിംഗ് പഠനം തുടരാന്‍ അനുവദിക്കില്ലെന്ന് തീരുമാനം. നഴ്‌സിംര് കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായിരിക്കുന്നത്. കെ പി രാഹുല്‍രാജ്, സാമുവല്‍ ജോണ്‍സണ്‍, എന്‍ എസ് ജീവ, റിജില്‍ ജിത്ത്, എന്‍ വി വിവേക് എന്നീ വിദ്യാര്‍ത്ഥികള്‍ പഠനം തുടരാന്‍ അര്‍ഹരല്ലെന്നാണ് നഴ്‌സിംഗ് കൗണ്‍സിലിന്റെ കണ്ടെത്തല്‍.
തീരുമാനം കോളേജ് അധികൃതരെ അറിയിക്കുമെന്നും കൗണ്‍സില്‍ അറിയിച്ചു. മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണെന്നായിരുന്നു കൗണ്‍സിലില്‍ ഉയര്‍ന്ന ഭൂരിപക്ഷ അഭിപ്രായമെന്ന് നഴ്‌സിങ് കൗണ്‍സില്‍ അംഗം ഉഷാദേവി അറിയിച്ചു. ക്രൂരമായ റാഗിങ്ങാണ് നടന്നത്. കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല. കൗണ്‍സില്‍ തീരുമാനം കോളജിനെയും സര്‍ക്കാരിനെയും അറിയിക്കും. സേവന മേഖലയില്‍ മനുഷ്യത്വം ഉള്ളവരാണ് കടന്നു വരേണ്ടത്. ജനറല്‍ നഴ്‌സിങ് പഠിക്കുന്ന കുട്ടികളുടെ ബോര്‍ഡ് നേഴ്‌സിങ് കൗണ്‍സിലാണ്. കേരളത്തില്‍ എന്തായാലും അവര്‍ക്ക് ഇനി പഠിക്കാന്‍ സാധിക്കില്ല. കേസില്‍ തീരുമാനം ആകുന്നതിനുമുറയ്ക്കാകും മറ്റ് കാര്യങ്ങള്‍. ഇതേ കോളേജില്‍നിന്ന് 2 വര്‍ഷം മുന്നേ പരാതി വന്നിരുന്നുവെന്നും ഉഷാദേവി അറിയിച്ചു.
ബര്‍ത്ത് ഡേ ആഘോഷത്തിന് പണം നല്‍കാത്തിന്റെ പേരിലായിരുന്നു ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീര്‍ക്കാനാണ് വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേല്‍പ്പിച്ചതും ക്രൂരമായി മര്‍ദ്ദിച്ചതും.