by webdesk2 on | 15-02-2025 07:10:15
കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക്. ഫെബ്രുവരി 14 മുതല്‍ ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ എല്ലാ ആന എഴുന്നള്ളിപ്പുകളും റദ്ദ് ചെയ്യാനാണ് തീരുമാനം. ജില്ലാ മോണിറ്ററിങ് കമ്മറ്റിയാണ് നടപടി സ്വീകരിച്ചത്. മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിന് പിന്നാലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങള്‍ ആന എഴുന്നള്ളിപ്പ് നടത്തരുതെന്ന് നിര്‍ദേശം. ആന എഴുന്നള്ളിപ്പിന്റെ ഉത്തരവില്‍ സൂചിപ്പിക്കും പ്രകാരമുള്ള ആനകള്‍ തമ്മിലുള്ള അകലവും, ആനയും ആളുകളും തമ്മില്‍ പാലിക്കേണ്ട അകലവും ഉത്സവം കഴിയുന്നതുവരെ തുടര്‍ച്ചയായി പാലിക്കേണ്ടതും അതിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഉത്സവ കമ്മിറ്റികള്‍ ഉറപ്പുവരുത്തണം. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ആനയെ എഴുന്നള്ളിച്ചാല്‍ ആനയെ ഉത്സവങ്ങളില്‍ നിന്ന് നിരോധിക്കാനും തീരുമാനിച്ചു.
ആന എഴുന്നള്ളിപ്പിന് നല്‍കുന്ന അനുമതിയില്‍ പറയുന്ന നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയതിനാല്‍ മണക്കുളങ്ങര ക്ഷേത്രത്തിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നു ഇത് റദ്ദാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു.