by webdesk2 on | 14-02-2025 12:02:10 Last Updated by webdesk3
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക സമ്മാനവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്ത ഹൗഡി മോദി, നമസ്തേ ട്രംപ് പരിപാടികളില്‍നിന്നുള്ള ചിത്രങ്ങള്‍ അടങ്ങിയ കോഫി ടേബിള്‍ ബുക്കാണ് ട്രംപ് സമ്മാനിച്ചത്.
ഔര്‍ ജേര്‍ണി ടുഗെദര്‍ എന്ന പുസ്തകത്തിന്റെ ഒപ്പുവച്ച പകര്‍പ്പാണ് ട്രംപ് കൈമാറിയത്. 320 പേജുകളുളള പുസ്തകത്തില്‍ അടിക്കുറിപ്പ് സഹിതമാണ് ചിത്രങ്ങളുള്ളത്. മിസ്റ്റര്‍ പ്രധാനമന്ത്രി, അങ്ങ് മഹാനാണ് എന്ന സന്ദേശവും ട്രംപ്, മോദിക്കുവേണ്ടി കുറിച്ചിട്ടുണ്ട്. വൈറ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഫോട്ടോ ആല്‍ബം മോദിക്ക് നല്‍കിയത്.
2019 സെപ്റ്റംബറില്‍ മോദി അമേരിക്കയിലെത്തിയപ്പോള്‍ സംഘടിപ്പിച്ച ഹൗഡി മോഡി ചടങ്ങിന്റെ ചിത്രങ്ങളും 2020ല്‍ ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ നടന്ന നമസ്‌തേ ട്രംപ് ചടങ്ങിലെ ഓര്‍മകളും ഫോട്ടോബുക്കിലുണ്ട്. മോദിക്ക് പുറമേ ആഗോള നേതാക്കളായ കിം ജോങ് ഉന്‍, ഷീ ജിങ് പിങ്, വ്‌ലാഡമിര്‍ പുടിന്‍ തുടങ്ങിയ രാഷ്ട്രീയനേതാക്കളുമായുളള ട്രംപിന്റെ ചിത്രങ്ങളും കോഫി ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.