by webdesk2 on | 14-02-2025 08:45:11 Last Updated by webdesk3
കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിങ് കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ മൊഴിയെടുപ്പ് ഇന്നും തുടരും. കോളേജിലെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥകളെയുമാണ് ഇന്ന് ചോദ്യം ചെയ്യുന്നത്. അതെസമയം പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ തീരുമാനം.
പ്രതികളായ സാമുവല്‍ ജോണ്‍സണ്‍, വിവേക് എന്‍പി, എന്‍ എസ് ജീവ, കെ പി രാഹുല്‍ രാജ്, സി റിജില്‍ ജിത്ത് എന്നിവര്‍ക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരവും ബിഎന്‍എസ് 118, 308, 350 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇടുക്കി സ്വദേശിയാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ അതിക്രൂര റാഗിങിനിരയായത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കോമ്പസ് ഉപയോഗിച്ച് ശരീരഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുകയും മുറിവേറ്റ ഭാഗങ്ങളില്‍ ലോഷന്‍ തേയ്ക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇതിന് പുറമെ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും പ്രതികള്‍ അതിക്രമം തുടര്‍ന്നു.
ഫെബ്രുവരി 12-നാണ് നഴ്‌സിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജ് പ്രിന്‍സിപ്പലിന്റെയും വിദ്യാര്‍ത്ഥികളുടെയും പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
അതേസമയം മനുഷ്യാവകാശ കമ്മീഷനും റാഗിങ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. വിഷയത്തില്‍ സ്വീകരിച്ച നടപടി എന്തെന്ന് 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്. സഹ്യാദ്രി റൈറ്റ്സ് ഫോറം നല്‍കിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.