by webdesk2 on | 14-02-2025 07:22:27 Last Updated by webdesk3
പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലെ കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പം വൈറ്റ് ഹൗസിലെത്തിയിരുന്നു. സെറിമോണിയല്‍ ഗാര്‍ഡ് പരേഡോടെയാണ് വൈറ്റ് ഹൗസ് മോദിയെ സ്വീകരിച്ചത്. രണ്ടാം തവണയും അമേരിക്കയില്‍ അധികാരമേറ്റെടുത്ത ശേഷം ട്രംപുമായി ഔദ്യോഗിക ചര്‍ച്ചയ്‌ക്കെത്തുന്ന ആദ്യ രാഷ്ട്രനേതാക്കളിലൊരാളായി മാറിയിരിക്കുകയാണ് മോദി.
വൈറ്റ് ഹൗസില്‍ അന്താരാഷ്ട്ര മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനു മുമ്പ് ഇരു നേതാക്കളും പരസ്പരം ആലിംഗനം ചെയ്തു. തന്നെപ്പോലെ തന്നെ രാജ്യത്തെ ഒന്നാമതെത്തിക്കുന്നതിനായി പ്രയത്‌നിക്കുന്ന ട്രംപിനെ മോദി പ്രശംസിച്ചു. അതേസമയം, പ്രധാനമന്ത്രിയെന്ന നിലയില്‍ ഇന്ത്യയ്ക്കായി മോദി നടത്തുന്ന ശ്രമങ്ങളെ ട്രംപ് ഊന്നിപ്പറഞ്ഞു. മികച്ച സൗഹൃദം പങ്കിടുന്ന തങ്ങള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി പരിശ്രമിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് വൈറ്റ് ഹൗസിലെ സംയുക്തവാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും യുഎസ് അതേ നികുതി ചുമത്തും എന്ന് ട്രംപ് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള സൈനികവ്യാപാരം വര്‍ധിപ്പിക്കും. എഫ്- 35 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നല്‍കും. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാര ഇടനാഴിയായിരിക്കും ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കുക.ഇന്ത്യയ്ക്ക് കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കി.