by webdesk2 on | 14-02-2025 06:28:30
ന്യൂ ഡല്‍ഹി: വഖഫ് ഭേദഗതി അംഗീകരിക്കില്ലെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. ഇന്ത്യന്‍ മുസ്ലീങ്ങളെ കമ്മിറ്റി പൂര്‍ണമായും അവഗണിച്ചുവെന്നും പുതിയ നിയമം സ്വീകാര്യമല്ലെന്നും സര്‍ക്കാരിനെതിരെ പോരാട്ടത്തിനിറങ്ങുമെന്നും അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പ്രസിഡന്റ് ഖാലിദ് സൈഫുള്ള റഹ്‌മാനി പറഞ്ഞു.
വഖഫ് സ്വത്തുക്കള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതും മുസ്ലീങ്ങളുടെ പള്ളികള്‍, ഈദ്ഗാഹുകള്‍, മദ്രസകള്‍, ദര്‍ഗകള്‍, ശ്മശാനങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്നതുമായ ഈ ബില്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് ഇപ്പോഴും അവസരമുണ്ടെന്ന് റഹ്‌മാനി പറഞ്ഞു.
വ്യാഴാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്‍, 2024 സംബന്ധിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) റിപ്പോര്‍ട്ടിനെതിരെ ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖാലിദ് സൈഫുള്ള റഹ്‌മാനി പ്രതികരിച്ചത്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപ്പിലാക്കിയ യുസിസിയെ കോടതിയില്‍ വെല്ലുവിളിക്കുമെന്നും ഇതിനെതിരെ ഐക്യ പ്രസ്ഥാനം ആരംഭിക്കുമെന്നും ബോര്‍ഡ് പ്രതികരിച്ചു.