by webdesk3 on | 13-02-2025 03:08:17 Last Updated by webdesk3
കോട്ടയത്തെ സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ വിദ്യാര്‍ത്ഥി അനുഭവിക്കേണ്ടി വന്ന അതിക്രൂരമായ പീഡനങ്ങളെന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ വിദ്യാര്‍ത്ഥിയെ കോളേജ് ഹോസ്റ്റലില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് പ്രതികള്‍ പരുക്കേല്‍പ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.
കൂടാതെ കയ്യും കാലും കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നുണ്ട്. മുറിവില്‍ ലോഷന്‍ ഒഴിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്‍പി എന്നിവരെ പോലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
കോളജില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് എസ്പി ഷാഹുല്‍ ഹമീദ് അറിയിച്ചിരിക്കുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. റാഗിങ് ദൃശ്യങ്ങളുടെ ഉറവിടവും ഇവ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നുള്ളതും പരിശോധിക്കുമെന്നും എസ്പി പറഞ്ഞു. പ്രതികളുടെ ചോദ്യം ചെയ്യല്‍ നടത്തി, ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നും എസ് പി ഷാഹുല്‍ ഹമീദ് പറഞ്ഞു.