by webdesk2 on | 12-02-2025 08:26:05
പാരീസ് എഐ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അഭിപ്രായപ്രകടനങ്ങളെ പിന്തുണച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. നിര്‍മിത ബുദ്ധിക്ക് ലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിക്കാന്‍ കഴിയുമെന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സുരക്ഷയെയും എഐ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണെന്നുമാണ് പാരിസിലെ എഐ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞത്.
എഐ ഉത്പാദനക്ഷമ വര്‍ദ്ധിപ്പിക്കുകയും ജോലികള്‍ സുഗമമാക്കുകയും ചെയ്യും. അല്ലാതെ എഐ ഒരിക്കലും മനുഷ്യര്‍ക്ക് പകരമാവില്ല. നിര്‍മിത ബുദ്ധിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ എപ്പോഴും ആശങ്കയോടെയാണ് പല നേതാക്കളും അഭിപ്രായപ്രകടനങ്ങള്‍ നടത്താറുള്ളത്. തൊഴിലാളികള്‍ക്ക് ബദലായി എഐ വരുമെന്നതാണ് പലരുടെയും ആശങ്ക. എന്നാല്‍ ഒരു കാര്യം പറയാന്‍ എല്ലാവരും വിട്ടുപോകുന്നു. നമ്മെ കൂടുതല്‍ ഉത്പാദനക്ഷമതയുള്ളവരാക്കി എഐമാറ്റും. കൂടുതല്‍ പുരോഗതിയും കൂടുതല്‍ സ്വാതന്ത്ര്യവും എഐ നല്‍കും. - ജെഡി വാന്‍സ് പറഞ്ഞു.
സാങ്കേതികവിദ്യ കാരണം ജോലികള്‍ ഇല്ലാതാകില്ലെന്നായിരുന്നു എഐ ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പാരിസില്‍ പറഞ്ഞത്. എഐയെക്കുറിച്ച് ഏറ്റവും ഭയക്കുന്ന കാര്യം അത് ജോലികള്‍ ഇല്ലാതാക്കുമെന്നാണ്. എന്നാല്‍ ചരിത്രം ഒരുകാര്യം തെളിയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ കാരണം ജോലികള്‍ ഇല്ലാതാകുകയില്ല. ജോലികളുടെ സ്വഭാവം മാറുകയാണ് ചെയ്യുക. പുതിയതരം ജോലികള്‍ സൃഷ്ടിക്കപ്പെടും. അതിനാല്‍ എഐ നയിക്കുന്ന ഭാവികാലത്തെ അഭിമുഖീകരിക്കാന്‍ നമ്മുടെ തൊഴില്‍ശക്തിയെ പരുവപ്പെടുത്തുകയാണ് വേണ്ടതെന്ന് മോദി പറഞ്ഞു.
യന്ത്രങ്ങള്‍ മനുഷ്യരെ മറിക്കടക്കുമോ എന്ന പേടി പലര്‍ക്കുമുണ്ട്. മനുഷ്യന്റെ ബുദ്ധിശക്തിയേക്കാള്‍ മികച്ചതായി യന്ത്രങ്ങള്‍ മാറുമോയെന്നായിരുന്നു ആശങ്ക. എന്നാല്‍ നമ്മുടെ ഭാവിയുടെ താക്കോല്‍ നമ്മള്‍ മനുഷ്യരുടെ കൈവശമാണുള്ളത്. ആ ഉത്തരവാദിത്തബോധമാകണം നമ്മെ നയിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പരീസിലെ ഗ്രാന്‍ഡ് പാലെസില്‍ വെച്ച് നടന്ന എഐ ഉച്ചക്കോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആയിരുന്നു അദ്ധ്യക്ഷത വഹിച്ചത്. നരേന്ദ്രമോദി സഹഅധ്യക്ഷനുമായിരുന്നു. നിരവധി അന്താരാഷ്ട്ര സംഘടനകളുടെ മേധാവിമാരും രാഷ്ട്രത്തലവന്മാരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.