by webdesk2 on | 10-02-2025 04:21:09
പാതിവില തട്ടിപ്പ് കേസില്‍ കോഴിക്കോട് ബാലുശേരി പൊലീസ് സ്റ്റേഷനില്‍ വീണ്ടും പരാതികളെത്തി. കാന്തപുരത്തെ ജീവകാരുണ്യ സംഘടനയായ മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന് 1.8 കോടതി രൂപയോളം നഷ്ടമായെന്നാണ് പരാതി. മുദ്ര വഴി വാഹനങ്ങള്‍ക്ക് അപേക്ഷ നല്‍കിയ ഗുണഭോക്താക്കളുടെ പണമാണ് നഷ്ടമായത്.
ഉണ്ണികുളം മഹിളാസമാജം പ്രസിഡന്റ് രുഗ്മിണി 50,70,800 രൂപ നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയിട്ടുണ്ട്. കോട്ടൂര്‍ മണ്ഡലം ജനശ്രീ മിഷന്‍ ചെയര്‍മാന്‍ മുഹമ്മദലി 64,000 രൂപ വാങ്ങി വഞ്ചിച്ചെന്ന് ബാലുശേരി പുനത്ത് സ്വദേശിനി അപര്‍ണാ മോഹനും ബാലുശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതെസമയം പാതിവില തട്ടിപ്പ്‌ക്കേസ് പ്രതിയെ അനന്തുകൃഷ്ണനെ മൂവാറ്റുപുഴ കോടതി റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും. കൂടാതെ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി . ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കും. അഞ്ചു ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ആയിരിക്കും ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വ്യാപ്തിയുള്ള തട്ടിപ്പ് എന്നത് കണക്കിലെടുത്താണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്.