by webdesk2 on | 10-02-2025 01:36:03 Last Updated by webdesk3
ഡല്‍ഹി: ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര ആരംഭിക്കും. ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്നും യാത്രതിരിക്കുന്ന മോദി വൈകിട്ടോടെ പാരീസിലെത്തും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ അദ്ദേഹം പങ്കെടുക്കും.
നാളെ നടക്കുന്ന നിര്‍മ്മിത ബുദ്ധി ഉച്ചകോടിയില്‍ മക്രോണിനൊപ്പം മോദി സഹ അധ്യക്ഷനാകും. 2023ല്‍ യുകെയിലും 2024ല്‍ ദക്ഷിണ കൊറിയയിലും നടന്ന ആഗോള സമ്മേളനങ്ങളുടെ തുടര്‍ച്ചയാണ് പാരീസിലെ എഐ ഉച്ചകോടി. മാര്‍സെയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനവും മോദിയും മക്രോണും ചേര്‍ന്നാണ് നിര്‍വ്വഹിക്കുക.
ഫെബ്രുവരി 12, 13 തിയതികളിലാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം. ബുധനാഴ്ച ഫ്രാന്‍സില്‍ നിന്ന് അമേരിക്കയില്‍ എത്തുന്ന നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തലും ചര്‍ച്ചയാകും.