by webdesk3 on | 09-02-2025 02:55:15 Last Updated by webdesk3
സംസ്ഥാനത്ത് പാതിവിലയ്ക്ക് സാധനങ്ങള്‍ നല്‍കാം എന്ന പേരില്‍ നടത്തിയ തട്ടിപ്പിന്റെ അന്വേഷണം പുതിയ തലത്തിലേക്ക്. കേസില്‍ സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിനെയും പ്രതിയാക്കും. കണ്ണൂരില്‍ രജിസറ്റര്‍ ചെയ്ത് കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. മറ്റൊരു കേസ് മൂവാറ്റുപുഴയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനു പുറമേ റിട്ടയേഡ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ പ്രതി. ചേര്‍ത്തു. പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.എന്‍ രാമചന്ദ്രനെ പൊലീസ് മൂന്നാം പ്രതിയാക്കി. സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ഡയറക്ടര്‍ അനന്തകുമാറാണ് പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി.
പാതിവില തട്ടിപ്പില്‍ ഒരോ ദിവസം കഴിയുന്തോറും പരാതികളുടെ എണ്ണം കൂടി വരികയാണ്. അതേസമയം, കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനുമായി കൊച്ചിയിലെ ഫ്‌ലാറ്റിലും ഓഫീസിലും തെളിവെടുപ്പ് നടക്കുകയാണ്. കൊച്ചി ഹൈക്കോടതി ജംഗ്ഷനില്‍ അനന്തു താമസിച്ചിരുന്ന ഫ്‌ലാറ്റിലും പനമ്പിളളി നഗറിലെയും കളമശ്ശേരിയിലെയും ഓഫീസുകളിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. കേസിലെ പ്രതിയായ അനന്തുകൃഷ്ണന്റെ ഭൂമി ഇടപാടുകളുടെ വിശദാംശങ്ങളും പൊലീസ് തേടിയിട്ടുണ്ട്. ഭൂമി വാങ്ങിക്കൂട്ടിയതിന്റെ രേഖകള്‍ ആവശ്യപ്പെട്ട് രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. ഇടുക്കിയിലും കോട്ടയത്തുമായി അഞ്ചിടങ്ങളിലാണ് അനന്തു ഭൂമി വാങ്ങിയത്. ബിനാമി ഇടപാടുകള്‍ നടന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം പകുതി വില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനുമായി അടുത്ത ബന്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രസംഗിക്കുന്ന വീഡിയോ നജീബ് കാന്തപുരം എംഎല്‍എ പുറത്തുവിട്ടിട്ടുണ്ട്. മന്ത്രിയെ വിശ്വസിച്ചാണ് താന്‍ പദ്ധതിയെ വിശ്വസിച്ചതെന്ന് നജീബ് കാന്തപുരം പറയുന്നു. പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.