by webdesk2 on | 09-02-2025 11:11:46
ന്യൂ ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മുന്നറിയിപ്പ് നല്‍കി ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി. ഇനി വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുന്ന അടുത്ത സംസ്ഥാനം പശ്ചിമ ബംഗാളായിരിക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി.
ഡല്‍ഹിയില്‍ ഞങ്ങള്‍ വിജയിച്ചു, അടുത്തവര്‍ഷം(2026) ബംഗാളിലെ ഊഴമാണ്, സുവേന്ദു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹിയില്‍ താന്‍ പ്രചാരണം നടത്തിയ ബംഗാളി ആധിപത്യമുള്ള പ്രദേശങ്ങളില്‍ ബിജെപി വിജയിച്ചതായും സുവേന്ദു അധികാരി പറഞ്ഞു. ഡല്‍ഹിയിലെ ബംഗാളി ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഞാന്‍ പ്രചാരണം നടത്തി, അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ മോശമാണ്. അവര്‍ ഡല്‍ഹിയെ തകര്‍ത്തു. ഡല്‍ഹിയിലെ മിക്ക ബംഗാളി പ്രദേശങ്ങളിലും ബിജെപി അനായാസ വിജയം കണ്ടു, അത് ബംഗാളിലും ആവര്‍ത്തിക്കും- അദ്ദേഹം പറഞ്ഞു.
ബംഗാള്‍ ബിജെപി അധ്യക്ഷനും എംപിയുമായ സുകാന്ത മജുംദാറും സമാനമായ മുന്നറിയിപ്പാണ് നല്‍കിയത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്യുമെന്നും ഡല്‍ഹി ആവര്‍ത്തിക്കുമെന്നും സുകാന്ത മജുംദാര്‍ പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാകും പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.