by webdesk2 on | 09-02-2025 08:33:03 Last Updated by webdesk3
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനവിധി മാനിക്കുന്നുവെന്നും പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ച എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും വോട്ടുചെയ്ത എല്ലാ ജനങ്ങളോടും നന്ദി പറയുന്നു. മലിനീകരണം, വിലക്കയറ്റം, അഴിമതി. ഡല്‍ഹിയുടെ പുരോഗതിക്കായും ഡല്‍ഹിയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുമുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ വാക്കുകള്‍.
ബിജെപി 48 സീറ്റുകളും ആംആദ്മി 22 സീറ്റുകളും നേടിയപ്പോള്‍ മൂന്നാം തവണയും അക്കൗണ്ടുതുറക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ആംആദ്മി സര്‍ക്കാരിനെ വീഴ്ത്തിയതോടെ ഡല്‍ഹിയില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപി അധികാരത്തിലെത്തുകയാണ്. 70 അംഗ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ തൂത്തുവാരിയാണ് ബിജെപി ഭരണം പിടിച്ചെടുത്തത്.
കഴിഞ്ഞ പത്ത് വര്‍ഷമായി ഡല്‍ഹി ഭരിക്കുന്ന ആംആദ്മിക്ക് 22 സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. മുന്‍ മുഖ്യമന്ത്രിയും ആപ്പിന്റെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ പര്‍വേഷ് വര്‍മയോട് തോറ്റു.