by webdesk3 on | 08-02-2025 02:36:36 Last Updated by webdesk3
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തില്‍ സന്തോഷം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ കാപട്യക്കാരനെ ഒരു ജനത തിരിച്ചറിയാന്‍ പത്തുവര്‍ഷമെടുത്തു എന്നുള്ളത് നമ്മുടെ ജനാധിപത്യത്തിന്റെ ദൗര്‍ബ്ബല്യമായി കണക്കാക്കുന്നവരുണ്ടാവും. ദില്ലിയില്‍ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല അര്‍ബ്ബന്‍ നക്‌സലുകളും കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളും പൊളിറ്റിക്കല്‍ ഇസ്‌ളാമും തുക്കടെ തുക്കടെ ഗ്യാങ്ങും പിന്നെ സോറോസ് ഫണ്ടഡ് ജര്‍ണ്ണോകളുമാണ്. കാലം കരുതിവെച്ച കാവ്യനീതി എന്നുമാണ് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയെ മാത്രമല്ല സിപിഎമ്മിനേയും അദ്ദേഹം വിമര്‍ശിച്ചു. സി. പി. എം ഭരിക്കുന്ന കേരളത്തില്‍ ബി. ജെ. പിക്ക് ലഭിക്കുന്ന വോട്ടുവിഹിതം ഏതാണ്ട് 20 ശതമാനമാണ്. എന്നാല്‍ ബി. ജെ. പി ഭരിക്കാന്‍ പോകുന്ന ദില്ലിയില്‍ സി. പി. എമ്മിന് ലഭിച്ചത് 0.01 ശതമാനം വോട്ട് മാത്രമാണ്. അതും 22 മണ്ഡലങ്ങളില്‍ മലയാളികള്‍ക്കു നിര്‍ണ്ണായകമായ വോട്ടുള്ള ദില്ലിയില്‍. പ്രകാശ് കാരാട്ടിനും ബൃന്ദ കാരാട്ടിനും രാമചന്ദ്രന്‍ പിള്ളയ്ക്കും പ്രശാന്ത് രഘുവംശത്തിനും വോട്ടവകാശമുള്ള ദില്ലിയില്‍ എന്നാണ് സിപഎമ്മിനെക്കുറിച്ച് സുരേന്ദ്രന്‍ കുറിച്ചിരിക്കുന്നത്.
അതേസമയം ഡല്‍ഹി ബിജെപി പ്രവര്‍ത്തകര്‍ വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് നടത്തുന്നത്. മുഖ്യമന്ത്രിയാരാകുമെന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നാണ് ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ വീരേന്ദ്ര സച് ദേവ പറഞ്ഞത്. ദില്ലി പിടിക്കുമെന്നും മുഖ്യമന്ത്രിയാര് എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പമുണ്ടാകില്ലെന്നും കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് വീരേന്ദ്ര സച് ദേവ വ്യക്തമാക്കിയത്.