by webdesk2 on | 07-02-2025 02:57:18
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഭൂനികുതി കുത്തനെ ഉയര്‍ത്തി. നിലവിലുള്ള നികുതി സ്ലാബുകളില്‍ 50 ശതമാനം വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുകയും കൂട്ടി. ന്യായ വിലയ്ക്ക് അനുസരിച്ച് പാട്ടത്തുകയുടെ നിരക്കിലും മാറ്റം വരും.
ഭൂമിയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം മെച്ചപ്പെടുത്തുന്നതിനാണ് നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന ഭൂനികുതി അഞ്ച് രൂപയില്‍ നിന്ന് 7.5 രൂപയായി ഉയരും. ഏറ്റവും ഉയര്‍ന്ന സ്ലാബ് നിരക്ക് 30 രൂപയില്‍ നിന്ന് 45 രൂപയായി ഉയരും. പുതിയ ഭൂനികുതി വര്‍ധനയിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം ഇലക്ട്രിക് വാഹങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്കും ഇരുട്ടടി നല്‍കി ബജറ്റ്. സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചു.15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇവി കാറുകള്‍ക്ക് 8% നികുതി (നിലവില്‍ 5%)യും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 10% നികുതി ( നിലവില്‍ 5%)യുമാകും ഇനി നല്‍കേണ്ടി വരിക. ബാറ്ററി വാടകയ്ക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹനവിലയുടെ 10 ശതമാനവും നികുതി ഈടാക്കും. 30 കോടി രൂപയുടെ അധികവരുമാനമാണ് ഇതിലൂടെ മാത്രം പ്രതീക്ഷിക്കുന്നത്.