by webdesk2 on | 07-02-2025 12:47:19 Last Updated by webdesk3
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തുനില്‍ക്കെ ജീവനക്കാരെ ചേര്‍ത്തുനിര്‍ത്തുന്ന പ്രഖ്യാപനങ്ങളുമായാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ശമ്പള പരിഷ്‌ക്കരണ തുകയുടെ രണ്ടു ഗഡു 1900 കോടി ഈ സാമ്പത്തിക വര്‍ഷം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടിയുള്ള മന്ത്രിയുടെ പ്രഖ്യാപനം. ഡിഎ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇന്‍ പിരീഡ് ഈ സാമ്പത്തിക വര്‍ഷം ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെ കുടിശിക 600 കോടി ഫെബ്രുവരിയില്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ബജറ്റിലെ പ്രധാനപ്പെട്ട മറ്റ് പ്രഖ്യാപനങ്ങള്‍ ഇതൊക്കെയാണ്:
മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ 750 കോടി രൂപ. വന്യജീവി ആക്രമണം തടയാന്‍ 50 കോടി വകയിരുത്തി. തിരുവനന്തപുരം മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കും. കൊച്ചി മെട്രോയുടെ വികസനം തുടരും. കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രോ പൊളിറ്റന്‍ പ്ലാന്‍ നടപ്പാക്കും.
ദേശിയപാതയുടെ വികസനം 2025 അവസാനത്തോടെ യാഥാര്‍ത്ഥ്യമാകും. ഇതിലേക്ക് കിഫ്ബിയില്‍ നിന്നും പണം നല്‍കിയെന്നും മന്ത്രി പറഞ്ഞു. കൊച്ചി മറൈന്‍ ഡ്രൈവില്‍ 2400 കോടി രൂപയില്‍ മറൈന്‍ സിറ്റി നിര്‍മിക്കും. കൊച്ചി മുസിരിസ് ബിനാലെയ്ക്ക് 7 കോടി രൂപ നല്‍കും. കോവളം -നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാല്‍ സാധ്യമാക്കും. ഉള്‍നാടന്‍ ജലഗതാഗതം വികസിപ്പിക്കും.
കേരളം ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കുന്നതിന് 50 കോടി വകയിരുത്തുമെന്ന് ധനമന്ത്രി. കെ ഹോംസ്-കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ടൂറിസം മേഖലയില്‍ വീടുകള്‍ ഉപയോഗിക്കാനുള്ള പദ്ധതി ആരംഭിക്കും. സീ പ്ലെയിന്‍, ഹെലികോപ്റ്റര്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പദ്ധതി -20 കോടി രൂപ വകയിരുത്തി.
കെഎസ്ആര്‍ടിസിയ്ക്ക് അധുനിക ബസുകള്‍ വാങ്ങാന്‍ 107 കോടി വകയിരുത്തി. എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 10 കോടി വകയിരുത്തി. കൊല്ലം നഗരത്തില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കും. 2025-26ല്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കും. ഗ്രീന്‍ ഹൈഡ്രജന്‍ വാലി- നാളെയുടെ ഇന്ധനം എന്ന് കരുതുന്ന ഹൈഡ്രജന്‍ നിര്‍മാണത്തിനായി കേരളവും തയാറാകുന്നു. ഇതിനായി സ്വകാര്യ-പൊതുമേഖലാ കമ്പനി നിര്‍മിക്കും. ബജറ്റില്‍ 5 കോടി വകയിരുത്തി.
കാലപ്പഴക്കം ചെന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടി വകയിരുത്തി. ഹൈദരാബാദില്‍ കേരളാ ഹൗസ് സ്ഥാപിക്കും. കേരളത്തിലെ മുതിര്‍ന്ന പൌരന്‍മാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വിവിധയിടങ്ങളില്‍ ഓപ്പണ്‍ ജിം തുടങ്ങാന്‍ 5 കോടി രൂപ വകയിരുത്തും. കേരളവുമായുള്ള പ്രവാസികളുടെ ബന്ധം മെച്ചപ്പെടുത്താന്‍ ലോക കേരള കേന്ദ്രം തുടങ്ങും. നോര്‍ക്കയുടെ വിവിധ പദ്ധതികള്‍ക്കായി 150.8 കോടി വകയിരുത്തി. കാരുണ്യ പദ്ധതിക്ക് 700 കോടി രൂപ കൂടി അനുവദിക്കും
എഐ സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കും. ഇതിനായി സ്റ്റാര്‍ട്ടപ്പ് മിഷന് 1 കോടി രൂപ. കേരളത്തില്‍ വൈഫൈ ഹോട്ട് സ്പോടുകള്‍ സ്ഥാപിക്കാന്‍ 15 കോടി. കോടതികളുടെ ആധുനികവത്കരണത്തിനായി 17 കോടി വകയിരുത്തി.
അന്താരാഷ്ട്ര ജിസിസി കോണ്‍ക്ലേവ് നടത്താന്‍ 6 കോടി വകയിരുത്തി
വ്യാജ വാര്‍ത്ത, ഓണ്‍ലൈനില്‍ നടക്കുന്ന സൈബര്‍ ബുള്ളിയിങ്ങ്, സൈസബര്‍ അക്രമങ്ങള്‍ എന്നിവ തടയാന്‍ തുക വകയിരുത്തും. സൈബര്‍ വിങ്ങ് ശക്തപ്പെടുത്തും. കരിപ്പൂരില്‍ 5 കോടി രൂപയ്ക്ക് ഹജ്ജ് ഹൗസ് നിര്‍മിക്കും. തെരുവുനായ ആക്രമണങ്ങള്‍ തടയാന്‍ എബിഡി കേന്ദ്രങ്ങള്‍ക്ക് 2 കോടി നല്‍കും. വൈക്കം സത്യാഗ്ര സ്മാരക നിര്‍മാണത്തിന് 5 കോടി രൂപ വകയിരുത്തി. തിരൂര്‍ തുഞ്ചന്‍ പറമ്പിന് സമീപം എംടി വാസുദേവന്‍ നായര്‍ക്ക് സ്മാരകം നിര്‍മിക്കും. ഇതിനായി 5 കോടി വകയിരുത്തി.
ചാമ്പ്യന്‍സ് ബോട്ട് ലീഗിനായി 8.9 കോടി. വനയാത്ര ട്രെക്കിങ്ങ് പദ്ധതിക്കായി 3 കോടി രൂപ. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്കായി 30 കോടി രൂപ. കേരളത്തിലെ ബുദ്ധകേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിന് 5 കോടിയും വകയിരുത്തി. കൂടാതെ ചിലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഓവര്‍ ഡിസൈണ്‍, ഓവര്‍ എസ്റ്റിമേറ്റ് ഒഴിവാക്കും.