by webdesk3 on | 06-02-2025 10:46:24 Last Updated by webdesk3
കേരള പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരത്തിലെ പൊലീസിനും ക്രമസമാധാനപാലനത്തിനും എന്തു സംഭവിക്കുന്നു എന്നത് കേരളജനത അതീവ ഗൗരവതരമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. സ്ത്രീകള്‍ അടക്കമുള്ള ഒരു വിവാഹപാര്‍ട്ടിയെ ക്വട്ടേഷന്‍ സംഘത്തെപ്പോലെ നടുറോഡിലിട്ട് പോലീസ് ആക്രമിച്ചു ക്രൂരമായി പരുക്കേല്‍പിക്കുകയെന്നൊക്കെ പറയുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. അതും ആളുമാറി തല്ലി എന്നാണ് പോലീസ് ഭാഷ്യം.
ഇത്ര ബോധമില്ലാതെ പ്രവര്‍ത്തിക്കാന്‍ പോലീസിന് എങ്ങനെ സാധിക്കുന്നു. ഇത് അതിഭീകരമായ വീഴ്ചയും പോലീസ് സ്‌പോണ്‍സേര്‍ഡ് ഗുണ്ടായിസവുമാണ്. ഉത്തരവാദികള്‍ക്കെതിരെ ഉടനടി നടപടികളെടുക്കണം എന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ ക്രമസമാധാനപാലനം ആകെ തകരാറിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്ത് ഒരു വനിതയ്‌ക്കെതിരെ നടന്ന ആക്രമണം നമ്മള്‍ കണ്ടതാണ്. ക്രമസമാധാനപാലനം ജീര്‍ണിക്കുമ്പോഴും നിയമവ്യവസ്ഥ തകരാറിലാകുമ്പോഴുമാണ് ഇത്തരം കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ക്ക് ഒരുമ്പിട്ടിറങ്ങാന്‍ ക്രിമിനലുകള്‍ക്കു സാധിക്കുന്നത്. കോട്ടയത്ത് ഗുണ്ട പോലീസുകാരനെ ചവിട്ടിക്കൊന്നത് രണ്ടു ദിവസം മുമ്പ് നടന്നതാണ്. ഈ ഗുണ്ടകളെ കയറൂരിവിടുന്നത് ആരാണ് ?നെന്മാറയില്‍ ഒരാഴ്ച മുമ്പു നടന്ന ഇരട്ടക്കൊലയ്ക്കും ഉത്തരവാദി പോലീസിന്റെ നിഷ്‌ക്രിയത്വമാണ്. വീട്ടുകാരും നാട്ടുകാരും പരാതി കൊടുത്തിട്ടും പോലീസ് നടപടിയെടുത്തില്ല.
കേരളത്തിലെ ക്രമസമാധാനം ആകെ തകരാറിലായിരിക്കുന്നു. പോലീസ് സിപിഎമ്മിന് അടിമവേല ചെയ്യുന്നവരായി അധപതിച്ചിരിക്കുന്നു. മുഖ്യമന്ത്രി സമ്പൂര്‍ണപരാജയമാണ് എന്നു വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കുറഞ്ഞ പക്ഷം ആഭ്യന്തര മന്ത്രി സ്ഥാനം എങ്കിലും ഒഴിഞ്ഞ് മുഖ്യമന്ത്രി കൊള്ളാവുന്ന ആരെയെങ്കിലും ഏല്‍പിക്കണം എ്ന്നു ചെന്നിത്തല ആവശ്യപ്പെട്ടു.