by webdesk3 on | 05-02-2025 03:16:39 Last Updated by webdesk3
ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ പ്രതി ഹരികുമാറിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍. കുട്ടിയുടെ അമ്മാവന്‍ കൂടിയാണ് അറസ്റ്റിലായ ഹരികുമാര്‍. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ കോടതിയാണ് നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധര്‍ പരിശോധന നടത്തിയത്.
പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം ഉള്‍പ്പെടെ വ്യക്തമാകുന്നതിന് വെല്ലുവിളിയായി മാറുകയാണെന്നും മാനസിക പ്രശ്‌നമുണ്ടെന്നുമാണ് പോലീസ് നേരത്തെ വ്യക്തമാക്കിയത്. തുടര്‍ന്നാണ് കോടതി മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്.
ജനുവരി 29 നാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ തുടക്കംമുതലേ ദുരൂഹത നിലനിന്നിരുന്നു. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. രാത്രി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ രാവിലെയാണ് കാണാനില്ലെന്നു മനസിലായത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ കുഞ്ഞിന്‌റെ മൃതദേഹം കണ്ടെത്തിയത്.
ആദ്യം കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം പ്രതി ഏറ്റെടുത്തിരുന്നില്ല.ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ നിസംഗതയോടെ പെരുമാറിയ ഹരികുമാര്‍ നിങ്ങള്‍ കണ്ടെത്തൂ എന്നാണ് പോലീസിനോട് പറഞ്ഞത്. ഏറ്റവുമൊടുവിലാണ് ഹരികുമാര്‍ കുറ്റം സമ്മതിച്ചത്. എന്നാല്‍ എന്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇനി വ്യക്തത വരേണ്ടതുണ്ട്.