by webdesk2 on | 05-02-2025 02:24:48
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം തടഞ്ഞ് ഹൈക്കോടതി. യൂണിവേഴ്‌സിറ്റി പുറത്താക്കിയ 18 വിദ്യാര്‍ത്ഥികളെ കോളേജില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു.
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നീതിപൂര്‍വമല്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ആന്റി റാഗിങ് കമ്മിറ്റി വിചാരണയ്ക്ക് ശേഷം മൂന്ന് വര്‍ഷത്തേക്ക് പുറത്താക്കിയ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളെ സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശപ്രകാരം മണ്ണുത്തി കോളേജില്‍ പ്രവേശനം നല്‍കിയിരുന്നു. ഇതിനെതിരെ സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ ഡിവിഷന്‍ ബെഞ്ചിനുനല്‍കിയ അപ്പീലിലാണ് ഉത്തരവ്.
2024 ഫെബ്രുവരിയിലായിരുന്നു 20 വയസുള്ള സിദ്ധാര്‍ത്ഥനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ റാഗിങ്ങിന് പിന്നാലെയായിരുന്നു മരണം. കൊലപാതകമാണോ ആത്മഹത്യയാണോയെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. സംഭവത്തില്‍ എസ്എഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരുമായ 18 പേരായിരുന്നു പ്രതികള്‍.