by webdesk3 on | 04-02-2025 07:30:34 Last Updated by webdesk3
കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന് യുഡിഎഫും എല്‍ഡിഎഫും വ്യാജ പ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്ര ബജറ്റില്‍ മികച്ച പരിഗണന തന്നെയാണ് കേരളത്തിന് നല്‍കിയിരിക്കുന്നത്. യുപിഎ സര്‍ക്കാര്‍ ഭരിച്ച പത്തുവര്‍ഷം നല്‍കിയതിനെക്കാള്‍ മൂന്നിരട്ടിയിലധികം തുക മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
2004 മുതല്‍ 14 വരെ 46,000 കോടി രൂപയാണ് യുപിഎ സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചത്. എന്നാല്‍ 2015 മുതല്‍ 25 വരെ 1,57,000 കോടി രൂപയാണ് സംസ്ഥാനത്തിന് എന്‍ഡിഎ സര്‍ക്കാര്‍ അനുവദിച്ചത്. റെയില്‍വെ ബഡ്ജറ്റില്‍ യുപിഎ കാലത്ത് പ്രതിവര്‍ഷം 370 കോടി രൂപയാണ് കേരളത്തിന് കിട്ടിക്കൊണ്ടിരുന്നതെങ്കില്‍ ഈ വര്‍ഷം മാത്രം 3042 കോടിയാണ് മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. കേരളത്തിലെ 35 റെയില്‍വെ സ്‌റ്റേഷനുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. കേരളത്തിന്റെ നടപ്പ് റെയില്‍ പദ്ധതികള്‍ക്കെല്ലാം കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. എന്നാല്‍ സംസ്ഥാനം ഇതിനോടെല്ലാം മുഖം തിരിഞ്ഞു നില്‍ക്കുകയാണ്.
വയനാടിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് ഹൈക്കോടതിയില്‍ മുഖം നഷ്ടപ്പെട്ടു. കേരളത്തിന്റെ കയ്യില്‍ പണം ഉണ്ടായിട്ടും വയനാട്ടിനു വേണ്ടി ഒന്നും ചെയ്തില്ല. സംസ്ഥാനത്തിന്റെ കുറ്റം മറച്ചു വയ്ക്കാനാണ് കേന്ദ്രത്തെ പഴിചാരുന്നത് എന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കൂടാതെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒന്നാം സ്ഥാനം നേടുമെന്നും കെ സരേന്ദ്രന്‍ പറഞ്ഞു.