by webdesk2 on | 04-02-2025 02:53:20 Last Updated by webdesk3
ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രപതി ഭവന്‍ വിവാഹവേദിയാകുന്നു. ഫെബ്രുവരി 12നാണ് വിവാഹം നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രപതി ഭവനിലെ മദര്‍ തെരേസ ക്രൗണ്‍ കോംപ്ലക്‌സില്‍ വച്ചായിരിക്കും വിവാഹം നടക്കുക. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവനില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
രാഷ്ട്രപതി ഭവനില്‍ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറായി സേവനമനുഷ്ഠിക്കുന്ന സിആര്‍പിഎഫ് അസിസ്റ്റന്റ് പുനം ഗുപ്തയാണ് വധു. പുനത്തിന്റെ അര്‍പ്പണ മനോഭാവവും പെരുമാറ്റവുമാണ് രാഷ്ട്രപതിയുടെ അസാധാരണ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മുകശ്മീരില്‍ സേവനം അനുഷ്ഠിക്കുന്ന സിആര്‍പിഎഫ് ഓഫീസറായ അവ്നിഷ് കുമാറാണ് പുനം ഗുപ്തയുടെ വരന്‍.
അതേസമയം വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂകയുള്ളൂ. വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഗണിതശാസ്ത്രത്തില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ഗ്വാളിയോറിലെ ജിവാജി സര്‍വകലാശാലയില്‍ നിന്ന് ബിഎഡും സ്വന്തമാക്കിയ വ്യക്തിയാണ് പൂനം ഗുപ്ത. 2018 ലെ യുപിഎസ്സി സിഎപിഎഫ് പരീക്ഷയില്‍ 81-ാം റാങ്ക് നേടിയാണ് രാഷ്ട്രസേവനത്തിനായി ചുവടുവയ്ക്കുന്നത്. ബീഹാറിലെ നക്‌സല്‍ ബാധിത പ്രദേശത്തും പൂനം സേവനമനുഷ്ഠിച്ചിട്ടുണ്ട്.