by webdesk2 on | 03-02-2025 09:40:30 Last Updated by webdesk3
ആം ആദ്മി - ബി.ജെ.പി - കോണ്‍ഗ്രസ് ത്രികോണ പോരാട്ടത്തിന്റെ ചൂടില്‍ ഡല്‍ഹിയില്‍ ഇന്ന് കലാശക്കൊട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് ആറ് മുതല്‍ നിശബ്ദ പ്രചാരണമാണ്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണും.
വാശിയേറിയ പ്രചാരണത്തില്‍ മുന്നണികളിലെ പ്രധാനപ്പെട്ട നേതാക്കള്‍ എല്ലാം സജീവമാണ്. കോണ്‍ഗ്രസ് , ബിജെപി , ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖമായി മാറുന്നുണ്ട്. എംപിമാരായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് കോണ്‍ഗ്രസിനെ മുന്നില്‍ നിന്നും നയിക്കുന്നത്. രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത് ആം ആദ്മി പാര്‍ട്ടിയില്‍ വലിയ ആശങ്ക വഴിയൊരുക്കിയിരുന്നു.
ബജറ്റിലെ ആദായ നികുതി ഇളവ് പ്രഖ്യാപനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇന്ത്യയുടെ ചരിത്രത്തില്‍ മദ്ധ്യവര്‍ഗത്തെ ഇത്രയധികം ചേര്‍ത്തുപിടിച്ച ബഡ്ജറ്റുണ്ടായിട്ടില്ല. ഓരോ സാധാരണക്കാരന്റെയും മുഖത്ത് സന്തോഷം കൊണ്ടുവന്നു. ഇത് മോദിയുടെ ഗ്യാരന്റിയാണ്. മദ്ധ്യവര്‍ഗത്തെ ബഹുമാനിച്ച ഒരേയൊരു പാര്‍ട്ടി ബി.ജെ.പിയാണ്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണക്കാലത്ത് 12 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതിയായി 25 ശതമാനം അടയ്‌ക്കേണ്ടി വന്നിരുന്നു. ഡല്‍ഹിയില്‍ താമര വിരിയുമെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇന്നലെ ആര്‍കെ പുരത്ത് ഉള്‍പ്പെടെ ബിജെപി 51 പ്രചാരണ പരിപാടികളും റാലികളും സംഘടിപ്പിച്ചിരുന്നു. ഇന്നും പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി ഇന്ന് ഡല്‍ഹിയില്‍ റോഡ് ഷോ നടത്തും.
കഴിഞ്ഞ രണ്ടുതവണയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ സാധിക്കാത്തതിനാല്‍ ഇത്തവണ മികച്ച തിരഞ്ഞെടുപ്പ് പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതേസമയം, ഇന്ത്യ മുന്നണിയുടെ ഭാഗമായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആം ആദ്മിയും കോണ്‍ഗ്രസ്സും ഒരുമിച്ചാണ് മത്സരിച്ചത്. എന്നാല്‍ ഒരു സീറ്റ് പോലും നേടാന്‍ ഇന്ത്യ മുന്നണിക്ക് സാധിച്ചില്ല.