by webdesk1 on | 30-01-2025 10:38:58
വാഷിങ്ടണ്‍: ശതകോടീശ്വരനും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സിന്റെ ഉടമയുമായ ഇലോണ്‍ മസ്‌കിനെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി മസ്‌ക് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് നാമനിര്‍ദേശമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം ബ്രാങ്കോ ഗ്രിംസ് പറഞ്ഞു.
ലോകത്ത് ഏറ്റവും അധികം ആളുകള്‍ അഭിപ്രായ പ്രകടനത്തിനായി ഉപയോഗിച്ചിരുന്ന ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം പരിഷ്‌കാരങ്ങള്‍ വരുത്തി എക്സ് എന്ന പേരില്‍ മസ്‌ക് അവതരിപ്പിച്ചിരുന്നു. അഭിപ്രായ പ്രകടനത്തിന് കുറേക്കൂടി അവസരങ്ങളും സാധ്യതകളും നല്‍കുന്ന വിധമായിരുന്നു ട്വിറ്റര്‍ പരിഷ്‌കരിച്ചത്. ഇതോടെ സമൂഹമാധ്യമ രംഗത്ത് വലിയ വളര്‍ച്ച എക്‌സിനുണ്ടായി. ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അഭിപ്രായ പ്രകടനത്തിനായി ആശ്രയിക്കുന്നതും വിശ്വസിക്കുന്നതും എക്‌സിനെയാണ്.
നോര്‍വീജിയന്‍ നോബേല്‍ കമ്മിറ്റിക്ക് മുന്നിലാണ് മസ്‌കിനെ 2025 ലെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്തു കൊണ്ടുള്ള നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. ട്രംപ് അധികാരമേറ്റതിന് ശേഷം അമേരിക്കയുടെ ഭരണ മേഖലയില്‍ വരെ മസ്‌കിന് സ്വാധീനവും സ്വീകര്യതയും ഉണ്ടായി. ട്രംപ് ഭരണകൂടത്തില്‍ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ തലവന്‍ കൂടിയാണ് മസ്‌ക്.
ബഹിരാകാശത്ത് വിപ്ലവകരമായ പരീക്ഷണങ്ങള്‍ നടത്തുകയും അത്യാധുനിക ബഹിരാകാശ വാഹനങ്ങള്‍ നിര്‍മിക്കുകയും ചെയ്തുവരുന്ന സ്‌പേസ് എക്‌സിന്റെയും അമേരിക്കയിലെ പ്രമുഖ വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെയും സി.ഇ.ഒ ആണ് മസ്‌ക്. ബഹിരാകാശ പേടകം സുരക്ഷിതമായ ഭൂമിയില്‍ ലാന്‍ഡ് ചെയ്യിക്കുന്ന പരീക്ഷണം വിജയകരമായി നടത്തി സ്‌പേസ് എക്‌സ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ആളില്ലാ കാറുകളും വാട്ടര്‍ ഇന്ധന കാറുകളും അവതരിപ്പിച്ച് വാഹന നിര്‍മാണ രംഗത്ത് വിപ്ലവമായി മാറിയിക്കുകയാണ് ടെസ്ലയും.
ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായി അറിയപ്പെടുന്ന നോബേല്‍ സമാനം ലഭിക്കുന്നതോടെ വ്യക്തിപരമായ നേട്ടത്തിന് പിന്നാലെ എക്‌സിന്റെ മാര്‍ക്കറ്റ് ഉയര്‍ത്താനാകും. നോബേല്‍ കമ്മിറ്റിയുടെ വെബ്സൈറ്റ് പ്രകാരം നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി ഒന്നാണ്. നോബേല്‍ കമ്മിറ്റി ഭൂരുപക്ഷ വോട്ടിലൂടെ നോബല്‍ ജേതാക്കളെ തിരഞ്ഞെടുത്ത ശേഷം ഒക്ടോബറില്‍ വിജയികളെ പ്രഖ്യാപിക്കും.