by webdesk2 on | 30-01-2025 01:22:23 Last Updated by webdesk2
ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവന്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവന്‍ ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹരികുമാര്‍ പൊലീസിനോട് പറഞ്ഞു. അതെസമയം പ്രതിയുടെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല.
പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണ്. കേസില്‍ നേരത്തെ കുട്ടിയുടെ അച്ഛനെയും അമ്മയെയും അമ്മാവനെയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മാവന്‍ കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ ചോദ്യം ചെയ്യലിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
ബാലരാമപുരം കോട്ടുകാല്‍കോണത്ത് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെ ഇന്ന് പുലര്‍ച്ചെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ നടത്തിയ തെരച്ചിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തുന്നത്. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് വീട്ടുകാര്‍ പൊലീസിന് നല്‍കിയത്. മാത്രമല്ല കുട്ടിയെ കാണാതായതിനുപിന്നാലെ സഹോദരന്റെ മുറിയില്‍ തീപിടിത്തമുണ്ടായതും ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു.