by webdesk3 on | 25-01-2025 02:58:58 Last Updated by webdesk1
അനധികൃത ഭൂമി ഇടപാട് കേസില്‍ പിവി അന്‍വറിനെതിരെ വിജലന്‍സ് അന്വേഷണം ആരംഭിച്ചു. ആലുവയിലെ 11. 46 എക്കര്‍ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്‌തെന്ന പരാതിയിലാണ് വിജിലന്‍സ് പിവി അന്‍വറിനെതിരെ അന്വേഷണം നടത്തുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള വിജിലന്‍സ് സംഘമാണ് എടത്തല പഞ്ചായത്തിലെത്തി രേഖകള്‍ പരിശോധിച്ചത്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ സിജു കെ. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനായി എത്തിയത്.
പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവര്‍ ഉള്‍പ്പെടെ ഉള്ളവരില്‍ നിന്നും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. പഞ്ചായത്തിലെ അന്വേഷങ്ങള്‍ക്ക് പുറമെ അനധകൃതമായി സ്വന്തമാക്കി എന്നാരോപിക്കപ്പെടുന്ന ഭൂമിയിലും വിജിലന്‍സ് സംഘം പരിശോധന നടത്തി. ഇവിടെ എത്തിയ സംഘം കെട്ടിടങ്ങളുടെയും അതിര്‍ത്തികളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു. അതിര്‍ത്തി സംബന്ധിച്ച് വ്യക്തത വരുത്താന്‍ ആലുവ ഈസ്റ്റ് വില്ലേജിലെ വില്ലേജ് ഓഫീസറെയും സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെയും വിജിലന്‍സ് സംഘം വിളിച്ചു വരുത്തിയിരുന്നു.
അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയത്. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമയപരിധിക്കള്ളില്‍ സര്‍ക്കാരിന് നല്‍കണം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൊല്ലം സ്വദേശിയായ മുരുകേശ് നരേന്ദ്രന്റെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. ഡല്‍ഹിയിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലില്‍ നിന്ന് പി.വി. അന്‍വര്‍ ലേലത്തില്‍ പിടിച്ച ഭൂമി പോക്കുവരവ് ചെയ്ത് സ്വന്തമാക്കിയെന്നാണ് ആരോപണം.