by webdesk1 on | 11-01-2025 08:17:24 Last Updated by webdesk1
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ആരോപണം നേരിടുന്ന കൊച്ചിയിലെ സി.എം.ആര്‍.എല്‍ സ്ഥാപനത്തില്‍ നടന്നത് സങ്കല്‍പ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം. 185 കോടി രൂപയുടെ അഴിമതിയാണ് മാസപ്പടിയില്‍ നടന്നതെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
`പി.വി` എന്ന ചുരുക്കപ്പെരുകാരന്‍ ഉള്‍പ്പടെ രാഷ്ട്രീയ, മാധ്യമ മേഖലയില്‍ നിന്നുള്ളവര്‍ക്ക് പണം നല്‍കിയതിന്റേതായ വിവാദവും ഇതേ സ്ഥാപനത്തിനെതിരെ ഉയര്‍ന്നിരുന്നു. പി.വി എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ചുരുക്കപ്പേരാണെന്ന് പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ചെങ്കിലും നാട്ടില്‍ എത്രയോ പി.വിമാര്‍ ഉണ്ടെന്നായിരുന്നു അതിനോടുള്ള പിണറായി വിജയന്റെ പ്രതികരണം.
തുടര്‍ന്ന് എസ്.എഫ്.ഐ.ഒ അരോപണത്തില്‍ അന്വേഷണം ആരംഭിച്ചു. നിശബ്ദമായ അന്വേഷണമായിരുന്നതിനാല്‍ അന്വേഷണം അറ്റിമറിക്കപ്പെടുന്നു എന്ന നിലയിലും ചര്‍ച്ചകള്‍ ഉണ്ടായി. വിവാദം ഏറെക്കുറെ കെട്ടടങ്ങിയ ഘട്ടത്തിലാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ നിര്‍ണായകമായ ഇടപെടലിലൂടെ സിഎസ്എംഎല്‍ സ്ഥാപനത്തിന് പുറമേ മുഖ്യമന്ത്രിയേയും മകള്‍ വീണാ വിജയനേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്.
എസ്.എഫ്.ഐ.ഒ -ഐ.ടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ദില്ലി ഹൈക്കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ചത്. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും കേന്ദ്രവും ആദായനികുതി വകുപ്പും ദില്ലി ഹൈക്കോടതിയില്‍ എഴുതി നല്‍കിയ വാദങ്ങളില്‍ വ്യക്തമാക്കുന്നു.
മാസപ്പടി കേസിലെ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ സി.എം.ആര്‍.എല്‍ നല്‍കിയ ഹര്‍ജി നേരത്തെ ദില്ലി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. വിധിക്ക് മുന്നോടിയായ വാദങ്ങള്‍ എഴുതി നല്‍കാന്‍ കക്ഷികളോട് കോടതി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രവും ആദായ നികുതി വകുപ്പും എഴുതി നല്‍കിയ വാദങ്ങളിലാണ് ഗുരതരമായ കണ്ടെത്തലുകള്‍.
വീണ വിജയന്റെ കമ്പനിക്കും വിവിധ രാഷ്ട്രീയ കക്ഷികള്‍ക്കും നേതാക്കള്‍ക്കും ഉള്‍പ്പെടെ നല്‍കിയ പണമിടപാടിന്റെ ഭാഗമായി 185 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് എസ്.എഫ്.ഐ.ഒ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ചരക്ക് നീക്കത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും കോടികള്‍ ചെലവിട്ടെന്ന് വ്യാജ ബില്ലുകള്‍ സി.എം.ആര്‍.എല്‍ ഉണ്ടാക്കി. ഇതുവഴി സി.എം.ആര്‍.എല്‍ ചെലവുകള്‍ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കില്‍പ്പെടുത്തി. കേസില്‍ പൊതുതാല്‍പര്യമില്ലെന്ന സി.ആര്‍.എം.എല്ലിന്റെ വാദത്തിനെയും കേന്ദ്രം തള്ളുകയാണ്.