News Kerala

കോറോ ഹെല്‍ത്ത് കൂട്ട പിരിച്ചുവിടല്‍: ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Axenews | കോറോ ഹെല്‍ത്ത് കൂട്ട പിരിച്ചുവിടല്‍: ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

by webdesk2 on | 09-07-2026 08:17:17

Share: Share on WhatsApp Visits: 3


കോറോ ഹെല്‍ത്ത് കൂട്ട പിരിച്ചുവിടല്‍: ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

അമേരിക്കന്‍ ഐടി കമ്പനിയായ കോറോ ഹെല്‍ത്തിലെ (CorroHealth) കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, നിലവിലെ തൊഴില്‍ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് ഇരുവിഭാഗവും അനുരഞ്ജന ചര്‍ച്ചകളുമായി മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടു. അതേസമയം, തല്‍സ്ഥിതി തുടരണമെന്ന തൊഴില്‍ വകുപ്പിന്റെ മുന്‍ ഉത്തരവ് നിര്‍ബന്ധിത സ്വഭാവമുള്ളതല്ലെന്നും കോടതി നിരീക്ഷിച്ചു.

ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍, കോറോ ഹെല്‍ത്തിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ണായകമായ സര്‍ക്കാര്‍ തല ചര്‍ച്ച നാളെ (ജൂലൈ 10) നടക്കും. തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, സര്‍ക്കാരിന്റെയും തൊഴിലാളി സംഘടനകളുടെയും നീക്കങ്ങളോട് തുടക്കം മുതല്‍ നിസ്സഹകരണ നിലപാട് സ്വീകരിക്കുന്ന കമ്പനി അധികൃതര്‍ നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പായിട്ടില്ല. കമ്പനിയുടെ നിലപാടുകള്‍ ഒട്ടും ആശാവഹമല്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതിനിടെ, പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് ഓഫീസ് തുറന്നു നല്‍കുമെന്ന മുന്‍ ധാരണ കമ്പനി ലംഘിച്ചതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജീവനക്കാര്‍ പതിവുപോലെ ജോലിക്ക് എത്തിയെങ്കിലും ഓഫീസ് പൂട്ടിയിട്ട നിലയിലായിരുന്നു. പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലും തങ്ങളുടെ സാന്നിധ്യവും പ്രതിഷേധവും അറിയിക്കാന്‍ ജീവനക്കാര്‍ ഇന്നും ഓഫീസിലേക്ക് എത്തും. മുന്‍ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് കോറോ ഹെല്‍ത്ത് ഓഫീസിലെത്തി ജീവനക്കാരെ നേരിട്ട് കണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.

കമ്പനിയുടേത് തികച്ചും നിഷേധാത്മകമായ നിലപാടാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ താല്‍ക്കാലിക ധാരണകള്‍ പോലും കമ്പനി ലംഘിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ കൊച്ചിയിലെ കോറോ ഹെല്‍ത്ത് ഓഫീസിലേക്ക് ശക്തമായ മാര്‍ച്ച് നടത്തി. നാളത്തെ ചര്‍ച്ചയില്‍ അനുകൂലമായ ഒരു തീരുമാനം ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ജീവനക്കാരുടെയും വിവിധ തൊഴിലാളി സംഘടനകളുടെയും തീരുമാനം.


Share:

Search

Recent News
Popular News
Top Trending


Leave a Comment