News Kerala

വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം: സര്‍ക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നത്; വിമര്‍ശിച്ച് സമസ്ത മുഖപത്രം

Axenews | വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം: സര്‍ക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നത്; വിമര്‍ശിച്ച് സമസ്ത മുഖപത്രം

by webdesk2 on | 24-06-2026 08:28:35

Share: Share on WhatsApp Visits: 6


 വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം: സര്‍ക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നത്; വിമര്‍ശിച്ച് സമസ്ത മുഖപത്രം

സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ഇളവ് പ്രഖ്യാപനത്തിനെതിരെ വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം. സര്‍ക്കാരിന്റേത് വീര്യം കെട്ട മദ്യനയമാണെന്ന് മുഖപ്രസംഗത്തിലൂടെ പത്രം തുറന്നടിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തില്‍ കേരളം ഒറ്റക്കെട്ടായി കൈകോര്‍ത്തു നില്‍ക്കുന്ന ഈ നിര്‍ണായക ഘട്ടത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച ഈ നടപടി കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്ന് എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. ബജറ്റിലെ ഈ നീക്കം വെറും സാമ്പത്തിക-നികുതി പരിഷ്‌കരണമെന്ന വാദത്തില്‍ ഒതുക്കിത്തീര്‍ക്കാന്‍ കഴിയില്ലെന്നും സുപ്രഭാതം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും വര്‍ധിപ്പിക്കാന്‍ മാത്രം ഇടയാക്കുന്ന ഇത്തരം നയങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് അത്യന്തം നിര്‍ഭാഗ്യകരമാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിന്റെ പൊതുവായ ആരോഗ്യത്തെയും യുവതലമുറയുടെ ഭാവിയെയും ദോഷകരമായി ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണിത്. ഇതിനകം തന്നെ ഈ പ്രഖ്യാപനത്തിനെതിരെ ഭരണകക്ഷിക്കുള്ളില്‍ നിന്ന് തന്നെ ശക്തമായ വിയോജിപ്പുകളും ആശങ്കകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ലഹരിയുടെ വേരറുക്കാന്‍ ആഭ്യന്തര വകുപ്പ് ഓപ്പറേഷന്‍ തൂഫാന്‍ പോലുള്ള കര്‍ശനമായ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍, അതിന് വിരുദ്ധമായ ഇത്തരം നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയ വിവേകമല്ല. ഘടകകക്ഷികളെയോ സാമൂഹിക നേതൃത്വങ്ങളെയോ ബോധ്യപ്പെടുത്താന്‍ പോലും ഈ നയത്തിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും പത്രം വിമര്‍ശിച്ചു.

ഇപ്പോള്‍ പ്രതിപക്ഷം ഈ തീരുമാനത്തെ രാഷ്ട്രീയമായി വിമര്‍ശിക്കുന്നുണ്ടെങ്കിലും, ഈ വീര്യം കുറഞ്ഞ മദ്യനയത്തിന് തുടക്കമിട്ടത് കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്തായിരുന്നു എന്ന കാര്യം ആരും മറക്കരുതെന്നും എഡിറ്റോറിയല്‍ ഓര്‍മ്മിപ്പിച്ചു. ലഹരി ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന പ്രഖ്യാപനങ്ങളെക്കാള്‍ ഖജനാവ് നിറയ്ക്കുന്നതിനാണ് നിലവിലെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന പൊതുവിമര്‍ശനം ഇതോടെ ശക്തമായിരിക്കുകയാണ്. ജനങ്ങളുടെ ന്യായമായ ആശങ്കകള്‍ കേള്‍ക്കാനും തെറ്റായ തീരുമാനങ്ങളില്‍ നിന്ന് പിന്തിരിയാനുമുള്ള ആര്‍ജവമാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ യഥാര്‍ത്ഥ ശക്തി. നന്മകളെയും ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളെയും തകര്‍ക്കുന്ന ഇത്തരം തീരുമാനങ്ങള്‍ സമൂഹത്തെ മദ്യസംസ്‌കാരത്തിലേക്ക് തള്ളിവിടാന്‍ മാത്രമേ ഉപകരിക്കൂ. അതിനാല്‍ ജനവികാരവും സാമൂഹിക ഉത്തരവാദിത്വവും മാനിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ലഹരിക്കെതിരായ പോരാട്ടത്തില്‍ കേരളം മുന്നോട്ടാണ് പോകേണ്ടതെന്നും സുപ്രഭാതം ആവശ്യപ്പെട്ടു.


Share:

Search

Recent News
Popular News
Top Trending


Leave a Comment