News Kerala

വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി: ഡിവൈഎഫ്‌ഐ

Axenews | വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി: ഡിവൈഎഫ്‌ഐ

by webdesk2 on | 17-06-2026 08:36:39 Last Updated by webdesk2

Share: Share on WhatsApp Visits: 5


വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി:  ഡിവൈഎഫ്‌ഐ

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ സി.പി.ഐ.എം നേതൃത്വത്തിനും മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനുമെതിരെ പാര്‍ട്ടിയിലും പോഷക സംഘടനകളിലും രൂക്ഷവിമര്‍ശനം. പത്തനംതിട്ടയില്‍ നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിലാണ് പിണറായി വിജയന്റെ ശൈലിക്കെതിരെ പ്രതിനിധികള്‍ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ചത്. അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

പിണറായി വിജയന്‍ നടത്തിയ വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം ജനങ്ങള്‍ക്കിടയില്‍ വലിയ അവമതിപ്പുണ്ടാക്കിയെന്ന് തിരുവല്ലയില്‍ നിന്നുള്ള പ്രതിനിധി ചൂണ്ടിക്കാട്ടി. ഒരു ജനനേതാവിന് ചേര്‍ന്ന ശൈലിയല്ല ഇതെന്നും പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര ജനാധിപത്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, പിണറായിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇനി ഡി.വൈ.എഫ്.ഐയില്‍ നിന്ന് തന്നോട് കടക്ക് പുറത്ത് എന്ന് പറയരുതെന്നും പ്രതിനിധി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാര്‍ട്ടിയുടെ യുവജന സംഘടനയില്‍ നിന്നുതന്നെ നേതൃത്വത്തിനെതിരെ ഉയരുന്ന വലിയ അതൃപ്തിയുടെ പ്രതിഫലനമാണ് പത്തനംതിട്ടയില്‍ കണ്ടത്.

അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ആത്മവിമര്‍ശനവുമായി സി.പി.ഐ.എം മുതിര്‍ന്ന നേതാക്കളായ എം.എ ബേബിയും മുന്‍ മന്ത്രി പി. രാജീവും രംഗത്തെത്തി. മലപ്പുറത്ത് നടന്ന ഇ.എം.എസിന്റെ ലോകം സെമിനാറിലായിരുന്നു നേതാക്കളുടെ തുറന്നുപറച്ചില്‍. എല്‍.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന തരത്തിലുള്ള അമിത ആത്മവിശ്വാസം ശരിയായില്ലെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും പി. രാജീവ് പറഞ്ഞു. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു എം.എ ബേബിയുടെ പ്രതികരണം. ബന്ധുവായ ഒരാളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ ആക്രമിക്കാന്‍ എതിരാളികള്‍ക്ക് ആയുധമാകുമെങ്കില്‍ അത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. നേതാക്കള്‍ സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് താങ്ങാവുന്നത്ര മാത്രമേ സംസാരിക്കാവൂ എന്ന് ഓര്‍മ്മിപ്പിച്ച ബേബി, ഇടതുപക്ഷ പ്രവര്‍ത്തകരിലേക്ക് പോലുമറിയാതെ വലതുപക്ഷ സ്വാധീനം നുഴഞ്ഞുകയറുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ആര്‍.എസ്.എസിന്റെ നുഴഞ്ഞുകയറ്റങ്ങളെ ഗൗരവമായി കാണണമെന്നും മുന്നറിയിപ്പ് നല്‍കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment