News Kerala

തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം: ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും

Axenews | തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം: ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും

by webdesk2 on | 27-04-2026 07:30:45

Share: Share on WhatsApp Visits: 8


തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം: ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ശ്രീവടക്കുന്നാഥന്റെ സന്നിധിയില്‍ വെച്ച് ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ പൂരച്ചടങ്ങുകള്‍ക്ക് തിരശ്ശീല വീഴും. ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കും പകരം ദുരന്തത്തില്‍ പൊലിഞ്ഞുപോയവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ടാണ് ഇത്തവണ സാംസ്‌കാരിക നഗരി പൂരനഗരിയായി മാറിയത്.

പൂരത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ അപ്രതീക്ഷിതമായുണ്ടായ മുണ്ടത്തിക്കോട് ദുരന്തം തൃശൂരിനെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തിയിരുന്നു. പൂരത്തിന്റെ സംഘാടകരും തൊഴിലാളികളുമടക്കം നിരവധി പേര്‍ ദുരന്തത്തിന് ഇരയായതോടെ, പൂരത്തിന്റെ ആവേശം പൂര്‍ണ്ണമായും കെട്ടടങ്ങി. ആചാരങ്ങള്‍ ലംഘിക്കപ്പെടരുത് എന്ന നിര്‍ബന്ധത്താല്‍ ചടങ്ങുകള്‍ മാത്രം നിലനിര്‍ത്തിക്കൊണ്ട് വെടിക്കെട്ട് പൂര്‍ണ്ണമായും ഒഴിവാക്കുകയും കുടമാറ്റത്തിന്റെ സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്തു. പതിവ് ആവേശത്തോടെ ഒഴുകിയെത്താറുള്ള ജനസഞ്ചയം ഇത്തവണ പൂരനഗരിയില്‍ കാണാനായില്ല.

രാത്രികാലങ്ങളില്‍ ആകാശപ്പൂരത്തിനായി കാത്തിരുന്നിരുന്ന തൃശൂരുകാര്‍ക്ക് ഇത്തവണ ആ ശൂന്യത വലിയ നോവായി. വെടിക്കെട്ടില്ലാത്തതിനാല്‍ രാത്രിയില്‍ പൂരനഗരി വിജനമായിരുന്നു. ഇലഞ്ഞിത്തറമേളത്തിന് പോലും മുന്‍വര്‍ഷങ്ങളിലെ തിരക്കുണ്ടായിരുന്നില്ല. പൂരം വര്‍ണ്ണാഭമാക്കാന്‍ മുന്നില്‍ നിന്ന പലരും വിടപറഞ്ഞതിന്റെ വേദനയില്‍ പലരും ആഘോഷങ്ങളില്‍ നിന്നും വിട്ടുനിന്നു. തിരുവമ്പാടിയും പാറമേക്കാവും ഇന്ന് ക്ഷേത്രങ്ങളിലേക്ക് എഴുന്നള്ളുന്നതോടെയും കൊടിയിറങ്ങുന്നതോടെയും ഒരു വിങ്ങലായി ഈ വര്‍ഷത്തെ പൂരം അവസാനിക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment